ഉറക്കത്തിൽ നിന്നും മാലിനി ഞെട്ടി എഴുന്നേറ്റ് വിറച്ചുകൊണ്ട് സ്വയം പറഞ്ഞു.. അല്ല.. ഞാൻ മച്ചിയല്ല.. ഞാൻ മച്ചിയല്ല.. കണ്ണുകൾ ഇറുക്കിയടച്ചു ചെവി പൊത്തിപ്പിടിച്ച് അവൾ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു. അപ്പോഴും അവൾ പിറുപിറുത്തുകൊണ്ടിരുന്നു, ഞാൻ മച്ചിയല്ല.. എനിക്കും ഒരുണ്ണിയുണ്ടാകും.
ദിവസവും ആഘോഷങ്ങൾ നടക്കുന്ന ഒരു വലിയ വീട്ടിലേക്കാണ് മാലിനിയെ കല്യാണം കഴിച്ചയച്ചിരിക്കുന്നത്. കയ്യിലുള്ള കാശിന്റെ കനത്തിനനുസരിച്ചു ബന്ധങ്ങളെ ചേർത്ത് നിർത്തുന്ന വീട്ടുകാരാണ് അത്. മാലിനിയാവട്ടെ സ്വന്തം വീട്ടിലെ ഒറ്റ മോളും.
മാതാപിതാക്കൾ സ്വന്തം താല്പര്യാർത്ഥം പിരിഞ്ഞു താമസിക്കുന്നതുകൊണ്ട് മാലിനിയും അമ്മയും അമ്മയുടെ വീട്ടിലായിരുന്നു താമസം. പണത്തിന്റെ കനംകൊണ്ടു സ്വന്തം വീട്ടിൽ പ്രാപ്തയെന്ന് ഓമനപ്പേരുള്ള മാലിനിയുടെ അമ്മ അവളെ രാജകുമാരിയെ പോലെയാണ് വളർത്തിയത്. അമ്മയുടെ കയ്യിലെ പഴ്സിനു നല്ല കട്ടിയുള്ളതുകൊണ്ട് കുടുംബത്തിൽ എല്ലാവരുടെയും പൊന്നുമോളായിരുന്നു മാലിനി. അങ്ങനെയൊരു വീട്ടിൽ നിന്നാണ് അവഗണനയുടെ ബാലപാഠങ്ങൾ മുതൽ അനുഭവിച്ചറിയാൻ എന്ന പോലെ മാലിനി ആ വീട്ടിലേക്ക് കല്യാണം കഴിച്ചു ചെല്ലുന്നത്.
ആദ്യ നാലുവർഷം കുട്ടികളില്ലാതിരുന്നെങ്കിലും മാലിനിക്കോ ഭർത്താവിനോ അതൊരു കുറവായി തോന്നിയില്ല. കാരണം കുഞ്ഞുണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു.അങ്ങനെ ഒരു ദിവസം ഭർത്താവിന്റെ ഒരു ബന്ധുവിന്റെ കുട്ടിയുടെ ഇരുപത്തിയെട്ടുകെട്ടു ചടങ്ങിന് പോയതായിരുന്നു മാലിനിയും ഭർത്താവും അവളുടെ അമ്മയും..അവിടെ വെച്ചാണ് മാലിനിക്ക് ആദ്യമായി മച്ചി എന്ന വിളിപ്പേര് വീണത്. ഭർത്താവിന്റെ അനിയനു കുഞ്ഞുണ്ടായ അന്ന് ആശുപത്രിയിൽ വെച്ച് ആ കുഞ്ഞിനെ മാലിനി എടുത്തപ്പോൾ അനിയന്റെ ഭാര്യ അടുത്ത് നിന്ന ബന്ധുവിനോട് പറഞ്ഞുവത്രേ ജനിച്ചയുടനെ കുഞ്ഞിനെ മച്ചികൾ എടുക്കാൻ പാടില്ലെന്ന്. ഇതൊന്നും അറിയാത്ത മാലിനിയോട് ആ ബന്ധു ഇരുപത്തിയെട്ടു ചടങ്ങിൽ വെച്ചാണ് അത് പറഞ്ഞത്.
“മോളിനി ചെറിയ കുട്ട്യോളെ എടുക്കൊന്നും വേണ്ട. മച്ചികളു കുഞ്ഞു കുട്ട്യോളെ എടുക്കാൻ പാടില്ലാത്രേ”
ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചിട്ടെന്നപോലെ മാലിനി തളർന്നു. അപ്പോഴും ഭർത്താവ് അവളെ ചേർത്തുപിടിച്ചു. അണിയറയിലെ സംസാരം അശരീരി പോലെ അവളെ വരിഞ്ഞു മുറുക്കി
“അതിനെങ്ങനാ ദൈവത്തിനു ഇഷ്ടംണ്ടെങ്കിലല്ലേ കുട്ട്യോളൊക്കെ ഉണ്ടാവൂ. കൂടെ കൂടിനിന്നവരുടെ കൂട്ടച്ചിരികൾക്കിടയിൽ നിന്ന് അമ്മയും ഭർത്താവും ചേർന്ന് അവളെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീടുള്ള കുറച്ചു ദിവസങ്ങൾ മച്ചി എന്ന പേരിൽ അവൾ വെന്തുരുകി.
ഒരു ദിവസം രാവിലെ മാലിനി പെട്ടന്ന് തലകറങ്ങി വീണു.നേഴ്സ് ആയിരുന്ന അവളുടെ അമ്മ മരുമകനോട് ഒരു പ്രെഗ്നൻസി കാർഡ് വാങ്ങിക്കൊണ്ട് വരുവാൻ പറഞ്ഞു. പിറ്റേ ദിവസം പുലർച്ചെ തന്നെ അയാൾ അവളെ വിളിച്ചെഴുന്നേൽപ്പിച്ചു. ഒരുപാട് കാർഡുകൾ ആകാംക്ഷയോടെ താൻ ടെസ്റ്റ് ചെയ്തു നിരാശപ്പെട്ടത് ഓർത്തുകൊണ്ട് അയാൾ മാലിനിയോടു പറഞ്ഞു, ഇത്തവണ താൻ നോക്ക്.അവൾ ശ്രദ്ധാപൂർവ്വം മൂത്രത്തുള്ളികൾ കാർഡിലേക്ക് ഇറ്റിച്ചു. കാർഡ് പോസിറ്റീവ് കാണിച്ചു. സന്തോഷത്തോടെ അയാൾ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു, മാലിനി ഗർഭിണിയാണെന്ന്. വഴിയോരത്തെ ഏതോ ഒരുത്തി ഗർഭിണിയാണെന്ന് കേട്ടപോലെയായിരുന്നു വീട്ടുകാർക്ക്. അവിടെ നിന്നും മാലിനിയുടെ ദുരിതപ്പെയ്ത്ത് തുടങ്ങി.മൂന്നാം മാസം വരെ അതീവ ശ്രദ്ധ വേണ്ടി വന്നു മാലിനിക്ക്. അതിനിടയിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ മൂർദ്ധന്യത്തിൽ അമ്മയും അവളുടെ ഭർത്താവും വഴക്കാകുന്നു. ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം അവൾ ഉറങ്ങിക്കിടക്കുന്ന സമയം നോക്കി അമ്മ അവിടെ നിന്നും ഇറങ്ങി പോയി.
ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റ മാലിനി അമ്മ പോയത് മനസിലാക്കി ആ വഴിയേ വയറു പൊത്തിപിടിച്ചുകൊണ്ട് ഓടി.വഴിയിൽ കണ്ട പാൽക്കാരനോട് എന്നെയൊന്നു ബസ് സ്റ്റോപ്പിൽ എത്തിക്കാമോ എന്ന് കെഞ്ചി. ബസ് സ്റ്റോപ്പിൽ അമ്മയെ കാണാതെ അവൾ വീട്ടിലേക്ക് തിരിച്ചോടി. ഒടുവിൽ മാസങ്ങൾക്കു ശേഷം പ്രസവത്തിനായി കുട്ടിത്തുണി തനിച്ചൊരുക്കുമ്പോൾ അവൾ കൂട്ടുകാരിയോട് വിളിച്ചു ചോദിച്ചു ഈ തുണിക്ക് എത്ര വലുപ്പം വേണമെന്ന്.
പ്രസവക്കട്ടിലിൽ കിടന്നു പിടഞ്ഞ അവളോട് അതുവരെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി, സ്വന്തം അമ്മ പോലും ഇല്ലാതെയാണോ പ്രസവിക്കാൻ വരുന്നതെന്ന് ചോദിച്ചു ഡോക്ടർ ആക്രോശിച്ചു..ചുറ്റും നിന്ന വെള്ളസാരിയുടുത്ത മാലാഖമാർ അതുകേട്ടു ചിരിച്ചു.അതിനു പുറകിൽ സ്വന്തം അമ്മയുടെ ഫോൺ വിളിയാണെന്ന് അവൾക്ക് അന്ന് മനസിലായിരുന്നില്ല.
ഏഴുമണിക്കൂറോളം വേദന തിന്നു പ്രസവിച്ച ആ പ്രസവം സുഖപ്രസവം എന്ന് വിധിയെഴുതി. നാലാം ദിവസം ഡിസ്ചാർജ് ആയി വീട്ടിലേക്ക് ചെല്ലുമ്പോൾ എട്ടു മാസമായിരുന്നു വീടിന്റെ വാടക കൊടുത്തിട്ട്. ഉണ്ണിക്കണ്ണനെ പോലുള്ള കുട്ടിയെ കട്ടിലിൽ കിടത്തി ഭർത്താവിനെ നോക്കാനേൽപ്പിച്ചു അവൾ നേരെ ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിൽ കയറി.
കുഞ്ഞിന്റെ കരച്ചിൽ, ഉറങ്ങാൻ പറ്റാത്ത രാത്രികളും പകലുകളും, വിണ്ടുകീറിയ മുലക്കണ്ണുകളുടെ പുകയുന്ന വേദന, നല്ല ഭക്ഷണമില്ലായ്മ,ഒറ്റമോൾ പട്ടത്തിൽ നിന്ന് അവഗണന നിറഞ്ഞ വീട്ടിലേക്കുള്ള പറിച്ചു നടലിന്റെ ഭീകര ഓർമ്മകൾ, മാനസിക അസ്വസ്ഥതകളിൽ സ്വയം നിയന്ത്രണം നഷ്ടപ്പെടുന്ന ഭർത്താവിന്റെ പേടിപ്പിക്കുന്ന ഭാവങ്ങൾ, വീട്ടുപണി,… എല്ലാം കൂടി പോസ്റ്റ്പാർട്ടം സിൻഡ്രത്തിന്റെ മൂർദ്ധന്യത്തിൽ അവളൊരു ഭ്രാന്തിയാകുന്നത് ആരും കണ്ടില്ല.. അറിയില്ലെങ്കിലും കുഞ്ഞിനെ കുളിപ്പിക്കാൻ നിലത്തിരുന്നപ്പോൾ പ്രസവ മുറിവിലെ സ്റ്റിച്ചിങ് നൂലുകൾ വലിഞ്ഞു മുറുകിയപ്പോൾ ഉണ്ടായ സഹിക്കാനാവാത്ത വേദനയിൽ മാലിനി ഒന്നു പിടഞ്ഞു. എന്നാൽ പതിയെ അവൾക്ക് ആ വേദന ഇഷ്ടമായി.
വിഭ്രാന്തിയുടെ മരുന്ന് അതാണെന്ന് ഉറപ്പിച്ച് അവൾ വശ്യമായി ചിരിച്ചു…. ഉറക്കെ… പിന്നെയവൾ കുഞ്ഞിനെ അണിയിച്ചൊരുക്കി പാല് കൊടുത്തുറക്കി പതിയെ ബാത്‌റൂമിൽ കയറി. സന്തോഷം കൊണ്ടവളുടെ കണ്ണിൽ നിന്ന് ലാവ പൊട്ടിയൊഴുകി. പിന്നീടവൾ പതിയെ കുനിഞ്ഞു നിന്ന് തന്റെ പ്രസവമുറിവിലെ സ്റ്റിച്ചിങ് നൂലുകളിൽ പിടുത്തമിട്ടു. പതിയെ ആ നൂലുകൾ പിടിച്ചു വലിച്ചു. വേദനിക്കും തോറും ശക്തിയിൽ വീണ്ടും വീണ്ടും അവളാ നൂലുകൾ പിടിച്ചു വലിച്ചു. ഒരു സാഡിസ്റ്റിനെ പോലെ…
താനനുഭവിയ്ക്കുന്ന ഒറ്റപ്പെടലിന്റെ ഭീകരാവസ്ഥ മറി കടക്കാൻ അവളാ സ്റ്റിച്ചിങ് നൂലുകളോട് കൂട്ടുകൂടി. പണ്ടെങ്ങോ ഒരു നമ്പൂതിരിക്കുട്ടി വെള്ളത്തിൽ വീണു ചത്ത തൊട്ടടുത്ത കുളത്തിലെ തുള്ളിക്കളിക്കുന്ന മീനുകളോട് മാത്രം തന്റെ പുതിയ കൂട്ടുകാരേ കുറിച്ച് മാലിനി പറഞ്ഞു. അപ്പോഴും ഒരൊറ്റ മനുഷ്യക്കുഞ്ഞു പോലും അവൾക്ക് ചുറ്റുമുണ്ടായിരുന്നില്ല.


