സംഭവാമി യുഗേ യുഗേ

വി. എസ്സിൽ നിന്നും വി.ഡി.എസ്സിലേക്കുള്ള ദൂരം ഏതാണ്ട് പത്തു വർഷമാണ്. ജീവിതം ദുഃസ്സഹമാക്കുന്ന മനം മടുപ്പിക്കുന്ന രാഷ്ട്രീയ ജീർണതകൾ കേരളീയ മനസ്സിനെ ഒന്നിപ്പിക്കുന്ന കാഴ്ച വി.എസ്സിന്റെ ജനപിന്തുണയിലും, വി.ഡി.എസ്സിന്റെ വൻ വിജയത്തിലും മലയാളം കണ്ടത്. ചോദ്യം സതീശൻ മുഖ്യമന്ത്രി ആകുമോ എന്നതല്ല ഈ ജനമനസ്സിന്റെ ഏകോപനത്തിന്റെ കാരണം എന്താണ് എന്നുള്ളതാണ്.

എന്തിനാണ് കേരളത്തിന്റെ ജനങ്ങൾ 102 സീറ്റുകൾ യുഡിഫ് ന് കൊടുത്ത്? ആ ജയത്തിൽ സതീശനെ ഒരൊറ്റ നേതാവായി വാഴിച്ചത്? ഇത് പോലെ മലയാളി ഒരുപാട്‌ കാലം സ്നേഹിച്ച വിപ്ലവാശയങ്ങൾ ഇല്ലാതാകുന്നു എന്ന് വന്നപ്പോൾ സമത്വത്തിന്റെ ആശയം ഇല്ലാതാകുന്നു എന്ന് വന്നപ്പോൾ ജനം ഒറ്റക്കെട്ടായി “വീരാ വീരാ വിഎസ്സേ” എന്ന് വിളിച്ചു . ഇന്ന് മറ്റൊരു മഹത്തായ ആശയം – മതേതരത്വം ഇല്ലാതാകുന്നു എന്ന് വന്നപ്പോൾ ജനം “വീരാ വീരാ വി ടിയെസ്സേ” എന്ന് വിളിക്കുന്നു.

പണ്ട് കോൺഗ്രസ് പയറ്റിയ “അമർ അക്ബർ ആന്റണി” സ്റ്റൈൽ മതേതരത്വം ഇനി വിലപ്പോകില്ല. കാരണം സമൂഹം വർഗീയവും, മതപരവുമായി ദ്രുവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു . ജാതി സെൻസസ് ചർച്ച ചെയ്യപ്പെടുന്ന കാലം. അത് കൊണ്ട് ഒരു നേതാവായി വളരുന്ന ഒരാൾക്ക് ഇതൊക്കെ കണക്കിലെടുക്കാതെ വിജയിക്കാൻ കഴിയില്ല. സതീശൻ ഈ സമവാക്യങ്ങളെ മാത്രമല്ല , വിശാല, വിമത ഇടതു പക്ഷത്തേയും കൂടെ ചേർക്കാൻ കഴിഞ്ഞ നേതാവാണ്. താൻ ഒരു നെഹ്‌റു സോഷ്യലിസ്റ്റ് ആണെന്നും ഇന്ന് യഥാർത്ഥ ഇടതു പക്ഷം ഞങ്ങളാണെന്നും സതീശൻ യാനിസ് വോറക്കോവിസ്‌ ന്റെ Techno Feudalism എന്ന ഇടതു ചിന്തയുടെ ഐ.യ് കാലത്തെ പ്രസക്തമായ ഗ്രന്ഥം വായിക്കുന്ന സതീശൻ എന്ന ഇമേജ് കൊണ്ട് വന്നു. ബൈബിൾ വചനങ്ങൾ, പ്രവാചകന്റെ നിരീക്ഷണങ്ങൾ, സരസ്വതി സ്രോതങ്ങൾ എല്ലാം വഴങ്ങുന്ന ഒരു മതേതര നേതാവ്!

കേരളത്തിലെ നിഷ്പക്ഷരായ, മതേതര ബോധം നിലനിർത്തുന്ന കോടികണക്കിന് വരുന്ന സാധാരണക്കാരായ മലയാളികൾ അവരുടെ ഇച്ഛയെ, മോഹത്തെ, ആഗ്രഹത്തെ ഒരു നേതാവിലേക്ക് സന്നിവേശിപ്പിച്ചു സതീശനോട് “നീ ഞങ്ങളെ നയിക്കൂ” എന്ന് ആജ്ഞാപിച്ചു. ഇനി അത് നടപ്പിൽ വരുത്തുക എന്ന ദുർഘടമായ ദൗത്യമാണ് സതീശനിൽ ഉള്ളത്. കേരളത്തിന്റെ പൊതുകടം 4 ലക്ഷം കോടിയാണ്. യുവാക്കളുടെ നാട് വിട്ടു പോകൽ, പരിസ്ഥിതി വ്യതിയാനം കൊണ്ടുള്ള പ്രളയങ്ങൾ, ഇന്ധന വില, യുദ്ധസാഹചര്യം എന്നിങ്ങനെ വലിയ വെല്ലുവിളികൾ പുതിയ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. എന്നാൽ സതീശനെ ജനം തിരഞ്ഞെടുത്തത് നേതൃത്വ പാടവം, സംഘടനാ ശേഷി, നിലപാടുകൾ എന്നിവ കൊണ്ട് മാത്രമല്ല അപാരമായ ആത്മധൈര്യം എന്ന ഒരു ഗുണം കൊണ്ടാണ്. നേരിനും നെറിക്കും വേണ്ടി നിലകൊള്ളുന്ന ഒരു നേതാവായി ചരിത്രം സതീഷയുഗത്തെ വിശേഷിപ്പിക്കാൻ ഇടവരട്ടേ. കേരളത്തിലെ ജനങ്ങളോട് എന്തും ആകാം എന്ന് ഏതെങ്കിലും നേതാക്കൾ കരുതുന്നുണ്ടെങ്കിൽ അത് ഒരിക്കലും വിലപ്പോകില്ല കാരണം കള്ളവും, ചതിയും ഇല്ലാത്ത ഒരു മാവേലിയാണ് മലയാളിയുടെ ആഴത്തിലുള്ള അബോധത്തിൽ കിടക്കുന്നത് നന്ദി

ഡോ.ബാലസുബ്രമണ്യന്‍

Leave a Reply

Your email address will not be published. Required fields are marked *