പിറന്ന കുഞ്ഞിനെ കരുതലോടെ കയ്യിലെടുക്കുന്ന മാതാപിതാക്കളുടെ കൈകളിലൂടെ അളവറ്റ ഉത്തരവാദിത്വത്തിന്റെയും സ്‌നേഹത്തിന്റെയും താളം ആ കുഞ്ഞിന്റെ ലോകത്ത് മുഴങ്ങി തുടങ്ങുകയായി.
തട്ടി വീഴുമെന്ന പേടി ഇല്ലാതെ
നടന്നു തുടങ്ങാന്‍;
സ്വാതന്ത്ര്യത്തെയും സുരക്ഷയെയും ഒരുമിച്ച് സമ്മാനിക്കുന്ന
ആ വിരലുകള്‍ നല്‍കുന്ന ധൈര്യം പിന്തുണയായി നിഴല്‍പോലെ ഒപ്പമുണ്ടാവും.
ചുറ്റുപാടുകളെ കണ്ടറിഞ്ഞ് വളരുന്ന ബാല്യത്തില്‍ വഴിവിളക്കായി മാറും.
ലോകം കണ്ട് പഠിച്ച കുഞ്ഞ് സ്വന്തം കാല്‍ ഉറപ്പിക്കാന്‍ സജ്ജനാവുമ്പോള്‍, അഭിമാനത്തോടെ മക്കളെ സ്വന്തം ലോകത്തേക്ക് പറക്കാന്‍ അനുവദിക്കും.
ഇതൊന്നും രേഖപ്പെടുത്താതെ തന്നെ
കാലം ശാന്തമായി കടന്നുപോകും.
ഇതുവരെ പറഞ്ഞത് നാമെല്ലാവരും അനുഭവിച്ച കഥ.
എന്നാല്‍ നാം പലപ്പോഴും കാണാതെ പോകുന്ന മറ്റൊരു കഥ കൂടിയുണ്ട്.
ഒരിക്കല്‍ കരുത്തായിരുന്ന മാതാപിതാക്കളുടെ ചുവടുകള്‍ മന്ദമായി തുടങ്ങുമ്പോള്‍, അവരുടെ ധൈര്യം കുറഞ്ഞു തുടങ്ങുമ്പോള്‍,അവരുടെ ശക്തി ക്ഷയിച്ചു തുടങ്ങുമ്പോള്‍ ആ കഥ തുടരും
യാത്രയുടെ ദിശ തിരിഞ്ഞു ശൈശവത്തിലേക്ക് പോകുന്ന മാതാപിതാക്കളുടെ കഥ.
ഈ കഥയില്‍ ഒരിക്കല്‍ നമ്മെ പുലരിയിലേക്കു നയിച്ച മാതാപിതാക്കളുടെ സന്ധ്യയെ നാം പ്രകാശിപ്പിക്കണം.
ഒരുമുറയ്ക്ക് അവര്‍ പഠിപ്പിച്ചു തന്ന ഓരോ പടിയും,നാം മാതാപിതാക്കള്‍ക്കു വേണ്ടി ആവര്‍ത്തിക്കണം.
മാതാപിതാക്കളെ പിഞ്ചുകുഞ്ഞിനെപ്പോലെ സ്‌നേഹത്തോടെ കൈപിടിച്ചു നടത്തണം.
ഇത് മക്കളുടെ ഉത്തരവാദിത്വമാണ്.
ഒരിക്കല്‍ നമ്മെ കൈപിടിച്ചു നടത്തിയ
ആ നിശ്ശബ്ദ കൈപ്പിടിയുടെ കാവല്‍ അവര്‍
നാമ്മോട് തിരിച്ച് ചോദിക്കില്ല.
പക്ഷേ അവരുടെ കണ്ണുകളില്‍ നിന്നത് വായിച്ചെടുക്കാന്‍,തിരിച്ച് നല്‍കാന്‍ മക്കള്‍ക്കാവണം.
അവര്‍ ഒരിക്കല്‍ മക്കള്‍ക്ക് പുലരിയായിരുന്നു എന്നതുപോലെ ഈ തുടര്‍ച്ചയില്‍ മക്കള്‍ മാതാപിതാക്കളുടെ സന്ധ്യയെ പ്രകാശിപ്പിക്കണം.
താങ്ങി നടത്തണം, കരങ്ങള്‍ ചേര്‍ത്ത് നിര്‍ത്തണം.ഇനിയും മുന്നോട്ട് ജീവിക്കാന്‍ സ്വപ്നങ്ങള്‍ കാണാന്‍ പ്രത്യാശ നല്‍കണം
ജീവിതത്തിന്റെ പൂര്‍ത്തിയാവുന്ന ചങ്ങലയുടെ കണ്ണിയായി.
അവസാനം, പിഞ്ചുകുഞ്ഞിനെപ്പോലെ സ്‌നേഹത്തോടെ മാതാപിതാക്കളെ കരളില്‍ ചേര്‍ത്തുവെക്കുക
മണ്ണിന്റെ ശാന്തതയിലേക്ക് കൈമാറേണ്ടി വരുംവരെ …….!


