കൊങ്കി ഇരുമ്പും, പാളയും. കോലവും തലമുടി ചാര്‍ത്തിലെ ഈര്‍ക്കില്‍ വളയവും, ഇടിച്ച വെറ്റിലയും, ചുട്ട കിഴങ്ങു വര്‍ഗ്ഗങ്ങളും,.. കള്ളും,
കൂട്ടത്തിലും കുലത്തിനും വിഷമം തട്ടിയാല്‍ രാത്രിയുടെ ആദ്യ പകുതിയില്‍ തല മുതിര്‍ന്ന ആള് ഒരുക്കുന്ന വെറ്റില കൂട്ടങ്ങള്‍ക്ക് മുന്പില് മലയേയും, മലദൈവങ്ങളെയും വിളിച്ചു ചൊല്ലി പറയും… കാക്കണേ… പൊറുക്കണേ തെറ്റുകള്‍ എന്ന് പറഞ്ഞു കുടുംബാങ്ങങ്ങളുടെ വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയില്‍… ഒരാളായി നിറഞ്ഞ ബാല്യം… എന്റേത്…
കേട്ടറിവില്‍ നിന്നും തൊട്ടറിഞ്ഞ അനുഭവങ്ങള്‍ കുറിക്കുന്നു.
കുലത്തിന്റെ മഹിമ പോയെങ്കിലും ആ കുലത്തിന്റെ തന്നെ പുത്തന്‍ തലമുറക്കാരി
വര്‍ഷങ്ങള്‍ പിന്നിട്ട കഥ പറയുകയാണ്.
‘പൂവരശിന് ചുവട്ടിലെ നാഗം ‘
മുത്തശ്ശി പറഞ്ഞു
ആ കുന്നിന്റെ മുകളില്‍ ഒരു നാഗം ഉണ്ടെന്ന്,
അത് കേട്ടപ്പോള്‍ നാഗത്തെ,കാണാന്‍ കൊതിച്ചു ആ ബാല്യകാരി കാത്തിരുന്നു….
മുത്തശ്ശിയില്‍ നിന്നും വിശദമായി അറിഞ്ഞു.കാലം നല്കിയ മധുര കൗമാരം
വീട് തീണ്ടരുതെന്നു വീട്ടുകാരും ചുവന്ന വര്‍ണ്ണം വിതറിയ ശരീരം, മോഹന സ്വപ്നങ്ങള്‍ പീലി വിടര്‍ത്തിയ ആ കൗമാരം…
കുന്നിന് മുകളിലെ നാഗത്തെ കാത്ത്…ഞാന്‍
അങ്ങനെ മാസങ്ങളുട മൗനം മുന്പോട്ട് പോയി… അത്ഭുതം സംഭവിക്കുമോ..
അവളുടെ സ്വപ്നങ്ങളില്‍ പേരറിയാത്ത ആ നാഗം ഇഴഞ്ഞു വരുന്നത് ഇരുട്ടിന്റെ പേടിക്ക് കാഠിന്യം കൂടി ..
ഞെട്ടി ഉണര്‍ന്നു..വിയര്‍ത്തു…മണ്ണെണ്ണ വിളക്ക് കൊളുത്തി നോക്കി ചുറ്റിലും.,
ആ നാഗം എത്തിയോ..? ഇല്ല.. ഉറപ്പാക്കി വീണ്ടും ഉറങ്ങി…
പുലര്‍ച്ചെ… സ്വപ്നം വെട്ടി തെളിച്ച വഴി ലക്ഷ്യമാക്കി നടന്നു ആ നാഗം എത്തിയോ എന്ന് നോക്കാന്‍. കാല് പാദത്തിന്റെ ശബ്ദത്തിന് വിലങ്ങ് അണിയിച്ചു കൊണ്ട്…പക്ഷേ… എന്നാലും ഉത്തരം ശൂന്യം…
അടുത്ത ദിവസം രാത്രിയില്‍ വീണ്ടും ആവര്‍ത്തിച്ച സ്വപ്നത്തില്‍ ആരോ ഒരാള്‍ പറഞ്ഞു തന്നു…മോളേ… നിന്റെ ഭയം നാഗത്തിന് സഹിക്കുന്നില്ല. നിന്റെ സ്വപ്നങ്ങളില്‍ പോലും നീ നാഗത്തെ ഭയക്കുന്നുണ്ട്. കുട്ടി ഭയക്കുന്നത് നാഗത്തിന് ഇഷ്ടമല്ല.
നിന്നെ ഭയപ്പെടുത്താന്‍ വരില്ല.നിന്നെ ഉപദ്രവിക്കില്ല പക്ഷേ… ഒരിക്കല്‍ എന്റെ കുട്ടി ആ നാഗത്തെ കാണും.
നീ പ്രതീക്ഷിക്കാത്ത ഒരു നാള് പുലര്‍ച്ചെ ആ പൂവരശിന്റെ ചുവട്ടില്‍ ഉദിച്ചുയരുന്ന സൂര്യകിരണങ്ങളില്‍ കുളിച്ച്, ഒരു സ്വര്‍ണ്ണ കിരീടം ചൂടിയത് പോലെ… കുട്ടിക്ക് കാണാന്‍ മാത്രം വരും ഒരു നാള്…നിന്റെ സ്വപ്നങ്ങളിലെ നാഗം. സ്വപ്നം മുറിഞ്ഞു.. വാക്കുകള്‍ ബാക്കിയായി…
പിന്നെ എന്റെ കാത്തിരിപ്പിന്റെ നാളുകള്‍… വര്‍ഷങ്ങളുടെ താളുകള്‍ മറഞ്ഞു പോയി..എന്റെ പ്രതീക്ഷയും അസ്തമിച്ചു.. ഉള്ളില്‍ ഓര്‍മ്മയുടെ പൊട്ടുകള്‍ ബാക്കിയായി.
ഞാന്‍ മറന്നു എന്റെ നാഗത്തെയും …പൂവരശിന്റെ ചുവടും, എന്റെ സ്വപ്നവും…
പ്രതീക്ഷ പോയല്ലോ… ദൈവമേ… സ്വയം പറഞ്ഞു.മനസ്സില്‍ തേങ്ങലിന്റെ ചാറ്റല്‍ മഴ പൊഴിഞ്ഞു… അത് വെറും സ്വപ്നമല്ലേ…സ്വയം സമാധാനിച്ചു.
വരണ്ട കാലത്തിലെ മഴചാറ്റലില്‍ പൊടി മണ്ണ്
തിന്നുവാന്‍ എന്റെ നാഗം എത്തുമോ ? വെറുതെ ഞാന്‍ ആശിച്ചു പോയി..
ഞങ്ങള്‍ തമ്മില്‍ കാണുമോ.. അറിയില്ല…
പിന്നെയും കാലചക്രം മുന്പോട്ട്…
ഭര്‍തൃമതിയായി… രണ്ടാമത് ഒരു കുഞ്ഞു ജീവന് ജന്മം നല്കി…അതിന് ഒപ്പം സമയം ചിലവിടുന്ന ആ… ദിവസങ്ങളില്‍… എന്റെ നാഗം എത്തി… എന്നെ ഭയപ്പെടുത്താതെ… എന്റെ കുഞ്ഞിനെ കണ്ടു എന്നെ കണ്ടു.. പക്ഷേ.. അത് സ്വപ്നം മാത്രമായിരുന്നു.
പുലര്‍ച്ചെ എന്റെ ഹൃദയമിടിപ്പ് കൂടി… എന്റെ നാഗം.. രണ്ടു തുള്ളി കണ്ണു നീര് മണ്ണില്‍ വീണുടഞ്ഞു…
വര്‍ഷങ്ങളുടെ ദൂരം എനിക്കും പൂവരശ്ശിനും മാറ്റങ്ങള്‍ ഒരുപാട് തന്നു.
ഒരു ദിവസം രാവിലെ
കുന്നിന്റെ മുകളിലേക്ക് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു പോയി ആ പൂവരശ് പൂത്തുലഞ്ഞു നില്ക്കുന്നു..സമയം ഏതാണ്ട് ഒന്‍പത് മണി കുഞ്ഞിനെ ഉറക്കി കിടത്തി ഞാന്‍ പൂവരശിന്റെ ചുവട്ടിലേക്ക് നടന്നു… ഞാന്‍ മുന്‍പ് കാണാത്ത പൂവ്… നല്ല ഗന്ധം… എന്റെ ഹൃദയമിടിപ്പ് കൂടി….. ചുവടുകള്‍ വീണ്ടും…
ചലിച്ചു… പെട്ടന്ന് എന്റെ കണ്ണുകള്‍ ഭയമേറ്റു വാങ്ങി…
സൂര്യകിരണങ്ങളില്‍ കുളിച്ചൊരു നാഗം നിവര്‍ന്നു കിടക്കുന്നു. ഞാന്‍ ഞെട്ടി… ശ്വാസം നിലച്ചു..
മുന്പോട്ടും പിന്പോട്ടും പോകാന്‍ പറ്റുന്നില്ല…ഇത് സ്വപ്നമോ,, സത്യമോ ?.. ഞാന്‍ ചുറ്റും നോക്കി മരങ്ങള്‍ ഇളം കാറ്റില്‍ ഇലകളെ തഴുകി പോകുന്നുണ്ട്. പക്ഷികള്‍ ചിലക്കുന്നു. ഞാന്‍ ബോധം വീണ്ടെടുത്തു.
നാഗം എന്റെ ശബ്ദം അറിഞ്ഞു എന്ന് എനിക്ക് ഉറപ്പായി…
വളരെ പതിയെ തലയുയര്‍ത്തി നാഗം.. എന്റെ നേര്‍ക്ക് തന്നെ നോക്കി..
അടുത്ത സമയം എന്നെ ലക്ഷ്യമാക്കി വരുമെന്ന് ഞാന്‍ കരുതി… പക്ഷേ…
പതിയെ നാഗം ഇഴഞ്ഞു.. പൂവരശിന്റെ ചുവട്ടിലേക്ക്…
ഞാന്‍ നോക്കി നിന്നു… പെട്ടന്ന് അപ്രത്യക്ഷമായി എന്റെ നാഗം…
പിന്നീട് മണിക്കൂറുകള്‍ ഞാന്‍ അവിടെ തന്നെ ഇരുന്നു… എന്റെ ദൃഷ്ടി മാറ്റാതെ… ഫലം ശൂന്യം…
ഞാന്‍ തിരികെ നടന്നു… മനസ്സില്‍ ഭയവും, ഇഷ്ടവും ആകാംഷയും ഒന്നിച്ചു ചേര്‍ന്ന ഒരു വികാരം…മുത്തശ്ശിയോട് പറഞ്ഞു.നാഗത്തെ ഞാന്‍ കണ്ട കാര്യം…
ഉപദേശം പോലെ മുത്തശ്ശി പറഞ്ഞു… കുലത്തിന്റെ സത്യം അത് വെറുതെ അല്ല കുട്ടി..ഞാന്‍ പറഞ്ഞില്ലേ നിന്നോട് കുന്നിന് മുകളിലെ നാഗത്തിന്റെ കാര്യം… ആരേയും ഉപദ്രവിക്കില്ല… കാണുന്നത് അപൂര്‍വം. നീ കണ്ടുവല്ലോ … അത് തന്നെ ഭാഗ്യം…
പിന്നീട്… ആ സ്ഥലം വിറ്റുപോയി.. പക്ഷേ.. പൂവരശ് അവിടെ തന്നെ നിന്നു. പലപ്രവിശ്യം ഞാന്‍ ആ മരത്തിന്റെ ചുവട്ടില്‍ ചെന്ന് ഇരുന്നു.. പേടിയില്ലാതെ… പക്ഷേ എന്റെ നാഗം വന്നില്ല… കുറച്ചു നാള് കഴിഞ്ഞു ഉടമ പൂവരശ് വെട്ടി മാറ്റി… അത് കണ്ടപ്പോള്‍ എന്റെ ഹൃദയം മുറിഞ്ഞു. എന്റെ നാഗത്തിന്റെ മരണം സംഭവിച്ചത് പോലെ…തോന്നി…
എല്ലാവരും പോയ നേരം നോക്കി
കുഞ്ഞിനേയയും കൊണ്ട് ഞാന്‍ അവിടേക്ക് പോയി…
മുറിഞ്ഞു മാറിയ പൂവരശ് മനസ്സ് നുറുങ്ങി തേങ്ങുന്നത് ഞാന്‍ കണ്ടു..
ഞാന്‍ തൊട്ട് നോക്കി…എന്റെ കണ്ണുകള്‍ നിറഞ്ഞു… എന്റെ നാഗം.. ഇവിടെ എവിടെ എങ്കിലും ഭയത്തോടെ ഉണ്ടാകുമോ ? അതോ… ഇവിടം വിട്ടു പോയി..?… അറിയില്ല…
ഒന്നുമറിയാത്ത എന്റെ പൈതല്‍ ആ മരത്തിന്റെ മുറിവിലേക്കും നിറയുന്ന എന്റെ കണ്ണുകളിലേക്കും… നോക്കുന്നത്
ഞാന്‍ കണ്ടു….
എന്റെ നാഗം പിന്നെ വന്നില്ല. എന്റെ സ്വപ്നങ്ങളില്‍ പോലും…
പലപ്പോഴും ഞാന്‍ ഓര്‍ക്കും എന്റെ നാഗത്തെ…
വീണ്ടും വരുമെന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു… ഒന്ന് കൂടി കാണാള്ള ആഗ്രഹത്തോടെ ഞാന്‍


