കുട്ടനാടിന്റെ ഇതിഹാസം;തകഴി ശിവശങ്കരപ്പിള്ള (114-ാം ജന്മദിന സ്മരണ)

ആലപ്പുഴ ജില്ലയിലെ കൊച്ചു ഗ്രാമമായ തകഴിയിൽ, 1912 ഏപ്രിൽ 17-ന്, ഒരു കുട്ടനാടൻ പ്രഭാതം ഒരു മഹാകഥാകാരന് ജന്മം നൽകി. ശങ്കരക്കുറുപ്പിന്റെയും പാർവ്വതിയമ്മയുടെയും ആ കൊച്ചുമകൻ പിൽക്കാലത്ത് ലോകസാഹിത്യത്തിന്റെ ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്തി — “തകഴി” എന്ന ഒറ്റ വാക്കിൽ.

“ഞാൻ ഒരു പ്രത്യേക ജനതയുടെ കഥ പറഞ്ഞു — കായലിന്റെ മക്കളുടെ, ചെളിയിൽ പണിയെടുക്കുന്നവരുടെ, കടലിൽ ജീവൻ പണയം വയ്ക്കുന്നവരുടെ.”
— തകഴി ശിവശങ്കരപ്പിള്ള

സാഹിത്യ ജീവിതം

പതിനേഴാം വയസ്സിൽ ആദ്യ കഥ അച്ചടിച്ചു വന്നപ്പോൾ മുതൽ, മരണം വരെ — 39 നോവലുകൾ, അറുനൂറിൽ‌പ്പരം ചെറുകഥകൾ, ഒരു ജ്ഞാനപീഠ പുരസ്കാരം — തകഴിയുടെ ജീവിതം ഒരു അക്ഷരതീർഥയാത്രയായിരുന്നു. കേസരി പത്രത്തിൽ റിപ്പോർട്ടറായി, അമ്പലപ്പുഴയിൽ വക്കീലായി, ജീവിതത്തിന്റെ ഓരോ തട്ടിലും അദ്ദേഹം കണ്ടത് കഥകളെ. പെൻസിൽ കൊണ്ട് എഴുതിയാൽ മാത്രമേ അദ്ദേഹത്തിന് എഴുത്തുവരൂ; അതും വാതിൽ‌പ്പടിയിൽ വിളക്കുവച്ച്, പായ് വിരിച്ചു കിടന്ന്! ആ ലാളിത്യം തന്നെയായിരുന്നു തകഴിയുടെ ഒപ്പ്.

“ജീവിതത്തെ അതിന്റെ പച്ചയായ രൂപത്തിൽ കാണാനും കാട്ടിക്കൊടുക്കാനുമാണ് ഞാൻ ശ്രമിച്ചത്. ദരിദ്രരുടെ നൊമ്പരത്തിന് ഒരു ഭാഷ നൽകുക — അതാണ് എഴുത്തുകാരന്റെ ദൗത്യം.”
— തകഴി

ചെമ്മീൻ — ഒരു ഇതിഹാസത്തിന്റെ ജനനം..

തനിക്ക് പരിചിതമായ ഒരു ജനവിഭാഗം കൊണ്ടാടുന്ന ജീവിതത്തിന്റെ നേർക്കാഴ്ച അവതരിപ്പിക്കുകയായിരുന്നു തകഴി “ചെമ്മീൻ” എന്ന നോവലിലൂടെ. കുട്ടിക്കാലം മുതൽ കേട്ടുവളർന്ന ഭാഷ — പൊടിപ്പും തൊങ്ങലുമില്ലാതെ, തട്ടുംതടവുമില്ലാതെ ഭംഗിയായി പറഞ്ഞു. ചെമ്മീൻ ഇംഗ്ലീഷ്, റഷ്യൻ, ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച്, അറബിക്, പോളിഷ്, സിംഹള ഉൾപ്പെടെ 19 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

“കടൽ ഒരു രഹസ്യം സൂക്ഷിക്കുന്നു; ഭൂമി ഒരു നൊമ്പരം. ആ രഹസ്യവും നൊമ്പരവും ഒന്നിക്കുന്നിടത്തുണ്ട് ജീവിതം.”
ചെമ്മീൻ

വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതായി തകഴിയുടെ നോവലുകളിൽ കാണാം. “രണ്ടിടങ്ങഴി” കർഷകത്തൊഴിലാളിയുടെ ആത്മരോദനം. “തോട്ടിയുടെ മകൻ”— ജാതിവ്യവസ്ഥയ്ക്ക് നേരെ ഉയർന്ന ചോദ്യം. “കയർ” ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റത്തിന്റെ, അധഃസ്ഥിതന്റെ ഉണർവ്വിന്റെ ആഖ്യാനം. കേരള മോപ്പസാങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്.

“ഒരു ജനതയുടെ കഷ്ടപ്പാടുകൾ രേഖപ്പെടുത്തുന്ന തൂലിക, ചരിത്രത്തെക്കാൾ സത്യസന്ധമാണ്.”
തകഴി

പുരസ്കാരങ്ങൾ — ഒരു ജനതയുടെ ആദരം

1980-ൽ പത്മഭൂഷൺ ബഹുമതിയും 1984-ൽ ജ്ഞാനപീഠ പുരസ്കാരവും നൽകി രാജ്യം ആദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം — ഒരു ജനതയുടെ ഹൃദയം ഒരു കഥാകാരന് ചൂടിക്കൊടുത്ത പൂക്കൾ.

“പുരസ്കാരങ്ങൾ എനിക്കു ലഭിക്കുന്നതല്ല — ആ കായൽ‌പ്പരപ്പിൽ ജീവിച്ചുമരിച്ച ആ മനുഷ്യർക്കാണ് ലഭിക്കുന്നത്.”
— തകഴി

എൻറെ വ്യക്തിഗത ഓർമ്മ…

ആ മഹാകഥാകാരനെ നേരിൽ കണ്ടിട്ടുള്ള ഭാഗ്യം എനിക്കുണ്ട് —

പ്രീഡിഗ്രിഡി പഠനകാലത്ത്, കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ യുവജനോത്സവ വേദിയിൽ.
ആ ദിവസം അദ്ദേഹം അവിടെ എത്തിയിരുന്നു — ലളിതമായ വേഷം, ശാന്തമായ മുഖം, ഒരു കടൽ‌ പോലെ ആഴമുള്ള കണ്ണുകൾ. രണ്ടു വാക്ക് സംസാരിക്കാൻ ഭാഗ്യം കിട്ടി. അക്കാലത്ത് മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല — എന്നാൽ ആ നിമിഷം, ആ വാക്കുകൾ, ഇന്നും മനസ്സിൽ അഴിയാക്കുരുക്കായി ഇരിക്കുന്നു. ഒരു പക്ഷേ, ഫോട്ടോ ഇല്ലാതിരുന്നതുകൊണ്ടാണ് ആ കൂടിക്കാഴ്ച കൂടുതൽ ജീവനോടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നത്. ചില നിമിഷങ്ങൾ ക്യാമറയ്ക്ക് പകർത്താൻ കഴിയാത്ത വിധം ആത്മാവിൽ പതിഞ്ഞു പോകും — അതാണ് തകഴിയെന്ന സാന്നിദ്ധ്യം.

1999 ഏപ്രിൽ 10-ന്, തന്റെ ജന്മഗ്രാമത്തിലെ തറവാട്ടുവീട്ടിൽ വച്ച്, ആ വലിയ ഹൃദയം നിലച്ചു. പക്ഷേ കുട്ടനാടിന്റെ കായൽ‌വെള്ളത്തിൽ, ചെമ്മീൻ ബോട്ടിന്റെ ഒരിക്കലും അടങ്ങാത്ത ആ ശബ്ദത്തിൽ — തകഴി ഇന്നും ജീവിക്കുന്നു

സിജു ജേക്കബ്

Leave a Reply

Your email address will not be published. Required fields are marked *