ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപം രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തില്‍ സ്പൈസ് ജെറ്റ് പൈലറ്റുമാര്‍ക്കെതിരെ കര്‍ശന നടപടി. അപകടത്തിന് കാരണക്കാരായ പൈലറ്റ് ഇൻ കമാൻഡിനെയും കോ-പൈലറ്റിനെയും അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ടെർമിനൽ ഒന്നിലെ ടാക്സിവേയിലാണ് സംഭവം നടന്നത്. ലേയില്‍ നിന്നും ലാൻഡ് ചെയ്ത ശേഷം ടാക്സിവേയിലൂടെ നീങ്ങുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക്, അവിടെ നിര്‍ത്തിയിട്ടിരുന്ന ആകാശ എയര്‍ വിമാനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു വിമാനങ്ങളുടെയും ചിറകുകള്ക്കും വാല് ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതക്കുറവാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ഉത്തരവിട്ടു. വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിച്ചുവരികയാണ്

