കാ൯ബറ: ഓസ്‌ട്രേലിയൻ വാഹന വിപണിയിൽ ചരിത്ര മുന്നേറ്റം കുറിച്ച് ഇലക്ട്രിക് വാഹന വിൽപ്പന. 2026 ജൂലൈ മാസത്തിൽ വിറ്റഴിക്കപ്പെട്ട പുതിയ വാഹനങ്ങളിൽ 21.7 ശതമാനവും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളാണ് . കഴിഞ്ഞ മാസങ്ങളിൽ വിറ്റഴിക്കപ്പെട്ട ആകെ 103,656 വാഹനങ്ങളിൽ 23,510 എണ്ണവും ഇലക്ട്രിക് കാറുകളാണ്.
പെട്രോൾ വിലയിലുണ്ടായ കനത്ത വർദ്ധനവാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാൻ ജനങ്ങളെ പ്രധാനമായും പ്രേരിപ്പിച്ചത്. ഇറാൻ സംഘർഷത്തിന് പിന്നാലെ ഇന്ധനവില ലിറ്ററിന് $2.50 വരെ ഉയർന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിരുന്നു. ഇതിനുപുറമേ, ഫ്രിഞ്ച് ബെനിഫിറ്റ്സ് ടാക്സ് ഇളവുകൾ ലഭിച്ചതും താരതമ്യേന കുറഞ്ഞ വിലയിലുള്ള പുതിയ ഇലക്ട്രിക് മോഡലുകൾ വിപണിയിലെത്തിയതും ആവശ്യക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു.
സിഡ്നി, മെൽബൺ, ബ്രിസ്ബേൻ തുടങ്ങിയ വൻനഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലാണ് കൂടുതലായും ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. ഈ മേഖലകളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ജോലിക്കായി ദിവസേന ദീർഘദൂരം യാത്ര ചെയ്യുന്നവരാണ്. വീടുകളിലെ സോളാർ പാനലുകൾ ഉപയോഗിച്ച് സൗജന്യമായി വാഹനങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്നത് ഇവർക്ക് വലിയ രീതിയിൽ സാമ്പത്തിക ലാഭമുണ്ടാക്കുന്നുണ്ട്.
എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം അതിവേഗം വർദ്ധിക്കുമ്പോഴും പബ്ലിക് ചാർജിങ് സ്റ്റേഷനുകളുടെ കുറവ് ഭാവിയിൽ വലിയൊരു വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്. പ്രാദേശിക മേഖലകളിൽ ചാർജിങ് സൗകര്യങ്ങൾ വർദ്ധിപ്പിച്ചില്ലെങ്കിൽ പുതിയ വാഹന ഉടമകൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

