ലണ്ടൻ: ബലാത്സംഗം, ലൈംഗികാതിക്രമ കേസുകളിൽ ബ്രിട്ടീഷ് നടനും പ്രശസ്ത കൊമേഡിയനുമായ റസ്സൽ ബ്രാൻഡിന് (51) പത്ത് വർഷവും ആറ് മാസവും തടവുശിക്ഷ വിധിച്ച് സൗത്ത്വാർക്ക് ക്രൗൺ കോടതി. സ്ത്രീകൾ ‘നോ’ എന്ന് പറയുന്നതിനോട് തികഞ്ഞ പുച്ഛവും അഹങ്കാരവുമാണ് റസ്സൽ ബ്രാൻഡ് കാണിച്ചതെന്ന് ശിക്ഷാവിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ജോയൽ ബെന്നഥൻ രൂക്ഷമായി വിമർശിച്ചു.
തന്റെ പ്രശസ്തിയുടെയും സ്വാധീനത്തിന്റെയും മറവിൽ റസ്സൽ ബ്രാൻഡ് സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 2004 മുതലുള്ള പരാതികളിലായി ആറ് സ്ത്രീകളിൽ നാലുപേരെ ആക്രമിച്ച കുറ്റത്തിനാണ് എട്ട് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങിയ ജൂറി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രണ്ട് ബലാത്സംഗ കുറ്റങ്ങളിൽ നിന്നും ഒരു അപമര്യാദയായി പെരുമാറാൻ ശ്രമിച്ചെന്ന കുറ്റത്തിൽ നിന്നും കോടതി ഇയാളെ ഒഴിവാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബന്ധങ്ങളെല്ലാം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നുവെന്നുമുള്ള ബ്രാൻഡിന്റെ വാദങ്ങൾ കോടതി തള്ളി.
പ്രമുഖ മാധ്യമങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് റസ്സൽ ബ്രാൻഡിന്റെ പീഡനവിവരങ്ങൾ പുറംലോകം അറിയുന്നത്. തുടർന്ന് നിരവധി സ്ത്രീകൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ പ്രശസ്തിയും പണവും സ്വാധീനവും കാരണം ഇയാൾക്കെതിരെ ആരും ശബ്ദമുയർത്തില്ലെന്ന ധാരണയാണ് ആക്രമണങ്ങൾക്ക് ധൈര്യം പകർന്നതെന്ന് കോടതിയിൽ വായിച്ച ഇരകളുടെ മൊഴികൾ വ്യക്തമാക്കുന്നു. ശിക്ഷാവിധിയെത്തുടർന്ന് കസ്റ്റഡിയിലെടുത്ത റസ്സൽ ബ്രാൻഡിനെ ജയിലിലേക്ക് മാറ്റി.

