സിഡ്നി: കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നതും തെരുവുകളിൽ അലക്ഷ്യമായി കൂട്ടിയിടുന്നതുമായ ആയിരക്കണക്കിന് ഷെയർ ബൈക്കുകൾ സിഡ്‌നി നഗരത്തിൽ നിന്ന് നീക്കം ചെയ്യാൻ സിറ്റി ഓഫ് സിഡ്‌നി കൗൺസിൽ ഒരുങ്ങുന്നു. തെരുവുകളിലെ തടസ്സങ്ങൾ ഒഴിവാക്കാനും പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.
നിലവിലുള്ള സൈക്കിളുകളുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം കുറവ് വരുത്തി, രണ്ട് ഓപ്പറേറ്റർമാർക്കായി പരമാവധി 7,000 സൈക്കിളുകൾക്ക് മാത്രം അനുമതി നൽകാനാണ് കൗൺസിൽ ശുപാർശ ചെയ്തിരിക്കുന്നത്. ഉപയോഗശൂന്യമായതും നശിപ്പിക്കപ്പെട്ടതുമായ ബൈക്കുകൾ നടപ്പാതകളിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് സിഡ്നി ലോർഡ് മേയർ ക്ലോവർ മൂർ വ്യക്തമാക്കി. ഇത്തരം സർവീസുകൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒമ്പത് വർഷമായി ഈ മേഖലയിൽ കൃത്യമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡോക്കിംഗ് സംവിധാനമില്ലാത്ത രീതിയാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്നും കൗൺസിലർ ആദം വോർലിംഗ് ചൂണ്ടിക്കാട്ടി. നഗരത്തിൽ ഇതിനകം മുന്നൂറോളം പാർക്കിംഗ് കേന്ദ്രങ്ങൾ കൗൺസിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ, പാർക്കിംഗ് ഏരിയയുടെ മൂന്ന് മീറ്റർ ചുറ്റളവിൽ സൈക്കിൾ വെക്കാമെന്ന സർക്കാരിന്റെ ‘ത്രീ മീറ്റർ റൂൾ’ നടപ്പാതകൾ പൂർണ്ണമായി തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കൊച്ചുകുട്ടികളുമായി പോകുന്നവർക്കും ഇതുമൂലം സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, സിഡ്‌നിയിലെ സ്ഥിരം യാത്രക്കാർക്കിടയിൽ ഷെയർ ബൈക്കുകൾക്ക് വലിയ ജനപ്രീതിയാണുള്ളത്. കഴിഞ്ഞ മാസം മാത്രം 7 ലക്ഷത്തോളം യാത്രകളിലൂടെ 15 ലക്ഷം കിലോമീറ്ററാണ് ആളുകൾ ഈ ബൈക്കുകളിൽ സഞ്ചരിച്ചത്. കാൽനടയാത്രക്കാർക്കുള്ള തടസ്സം പൂർണ്ണമായി ഒഴിവാക്കാൻ, ഉപയോഗശേഷം സൈക്കിളുകൾ ലോക്ക് ചെയ്യാനും ചാർജ്ജ് ചെയ്യാനും സാധിക്കുന്ന നിർബന്ധിത ഡോക്കിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് പെഡസ്ട്രിയൻ കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ മേധാവി ഹരോൾഡ് സ്ക്രൂബിയും ആവശ്യപ്പെട്ടു.

