കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. ‘ഇൻസ്റ്റാ പേ’ എന്ന ലോൺ ആപ്പിനെതിരെ ചക്കരക്കൽ പോലീസാണ് സ്വമേധയാ കേസെടുത്തത്. നിതിൻ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ആപ്പ് പ്രതിനിധികൾ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ലോൺ ഏജൻസിയിൽ നിന്നുള്ള ആളുകൾ നിതിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശങ്ങൾ അയച്ചും ഫോണിലൂടെ അധിക്ഷേപിച്ചും വലിയ സമ്മർദ്ദമാണ് ചെലുത്തിയത്. ഇതാണ് വിദ്യാർഥിയെ കടുത്ത മാനസിക വിഷമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതിനിടെ, നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. കെ. റാമിനെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ് പുറത്താക്കി. നേരത്തെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും രക്ഷിതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് ചേർന്ന യോഗത്തിലാണ് സ്ഥിരമായ പുറത്താക്കൽ നടപടി സ്വീകരിച്ച കാര്യം മാനേജ്‌മെന്റ് അറിയിച്ചത്. സംഭവത്തിൽ ലോൺ ആപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

