ബംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽക്കർണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് വിനയ് കുൽക്കർണിയും മറ്റ് 16 പേരും കേസിൽ കുറ്റക്കാരാണെന്ന് വിധി പ്രസ്താവിച്ചത്.2016 ജൂണിൽ ധാർവാഡിലെ ജിമ്മിൽ വെച്ചാണ് ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡർ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിനയ് കുൽക്കർണിയുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് കേസ്.കേസിൽ വിനയ് കുൽക്കർണി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെയുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. നേരത്തെ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെ 2020-ൽ വിനയ് കുൽക്കർണിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് കർശന ഉപാധികളോടെയാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഈ വിധി കർണാടക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ബിജെപി നേതാവ് യോഗേഷ് ഗൗഡറുടെ കൊലപാതകം: മുൻ മന്ത്രി വിനയ് കുൽക്കർണി കുറ്റക്കാരനെന്ന് കോടതി

