കുടിയേറ്റ നയത്തിലെ തർക്കങ്ങൾ; യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കപ്പെടുന്നുവെന്ന് വിദഗ്ദ്ധർ

കാ൯ബറ’: ഓസ്‌ട്രേലിയയിൽ വിദേശ കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി ടോണി ബർക്ക് നടത്താനിരുന്ന സുപ്രധാന പ്രസംഗം അവസാന നിമിഷം മാറ്റിവെച്ചതോടെ വിഷയത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. എന്നാൽ, രാഷ്ട്രീയ നേതാക്കളുടെ തർക്കങ്ങൾക്കിടയിൽ രാജ്യത്തെ കുടിയേറ്റ മേഖല നേരിടുന്ന യഥാർത്ഥ ഘടനാപരമായ പ്രശ്നങ്ങൾ മറച്ചുവെക്കപ്പെടുകയാണെന്ന് കുടിയേറ്റ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ആസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി മൈഗ്രേഷൻ ഹബ് ഡയറക്ടർ പ്രൊഫസർ അലൻ ഗാംലന്റെ നിരീക്ഷണത്തിൽ, കുടിയേറ്റക്കാരുടെ മൊത്തത്തിലുള്ള കണക്കുകളെ മാത്രം അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ ജനസംഖ്യാ പെരുപ്പത്തിന് പിന്നിലെ പ്രധാന കാരണമായ ‘താൽക്കാലിക കുടിയേറ്റക്കാരെ പരിഗണിക്കുന്നതിൽ പരാജയപ്പെടുകയാണ്.

സ്ഥിര കുടിയേറ്റം: വർഷങ്ങളായി സ്ഥിര കുടിയേറ്റക്കാരുടെ എണ്ണം കൃത്യമായി സർക്കാരിന്റെ പരിധിയിൽ (വർഷത്തിൽ 1,85,000 പേർ) തന്നെ തുടരുകയാണ്.

താൽക്കാലിക കുടിയേറ്റം: എന്നാൽ, കോവിഡിന് ശേഷം താൽക്കാലിക വിസയിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. വിസ അപേക്ഷകളിലെ കെട്ടിക്കിടപ്പും, രാജ്യത്തിരുന്ന് തന്നെ മറ്റ് വിസകളിലേക്ക് എളുപ്പത്തിൽ മാറാൻ സാധിക്കുന്ന സങ്കീർണ്ണമായ താൽക്കാലിക വിസ നിയമങ്ങളുമാണ് ഇതിന് കാരണമായത്.

വീട്ടുവാടക നിരക്കിലെ വർദ്ധനവ്, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, കുടിയേറ്റക്കാരായ തൊഴിലാളികൾ ചൂഷണത്തിന് ഇരയാകുന്നത് തുടങ്ങിയ ദൈനംദിന പ്രശ്നങ്ങൾക്ക് കാരണം താൽക്കാലിക വിസക്കാരുടെ അനിയന്ത്രിതമായ വർദ്ധനവാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ആഭ്യന്തര മന്ത്രിയുടെ പ്രസംഗം മാറ്റിവെച്ചതോടെ വൺ നാഷൻ പാർട്ടിയും കോയലിഷൻ മുന്നണിയും സർക്കാരിനെതിരെ കൂടുതൽ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. താൽക്കാലിക വിസകൾ, വർക്കിംഗ് ഹോളിഡേ വിസകൾ, വിദ്യാർത്ഥികളുടെ വിസ മാറ്റങ്ങൾ എന്നിവയിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. താൽക്കാലിക കുടിയേറ്റ സംവിധാനത്തിന്മേൽ എങ്ങനെ കൃത്യമായ നിയന്ത്രണം കൊണ്ടുവരുമെന്നതാണ് ഭരണകൂടത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *