പെട്രോൾ പമ്പിന് സമീപം മാലിന്യ ലോറിക്ക് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിന്‍ വൻ ദുരന്തം ഒഴിവായി

ഗോൾഡ് കോസ്റ്റ്: പെട്രോൾ പമ്പിന് സമീപം വെച്ച് മാലിന്യ ലോറിയിലെ മാലിന്യങ്ങൾക്ക് തീപിടിച്ചപ്പോൾ മനസ്സാന്നിധ്യം കൈവിടാതെ വൻ ദുരന്തം ഒഴിവാക്കിയ ക്വീൻസ്‌ലൻഡിലെ മാലിന്യ ലോറി ഡ്രൈവർക്ക് പരക്കെ പ്രശംസ. ഗോൾഡ് കോസ്റ്റിലെ ഓക്സെൻഫോർഡിലാണ് സംഭവം നടന്നത്.

ലോറിയിലെ മാലിന്യത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുമ്പോൾ വാഹനം ഒരു പെട്രോൾ പമ്പിന് സമീപത്തായിരുന്നു. അപകടസാധ്യത മനസ്സിലാക്കിയ ഡ്രൈവർ വാഹനം അവിടെ നിർത്താതെ, ഉടൻതന്നെ 500 മീറ്ററോളം മുന്നോട്ട് ഓടിച്ച് ആളൊഴിഞ്ഞ ഒരു കാർ പാർക്കിംഗിലേക്ക് മാറ്റി. തുടർന്ന് ലോറിയിലേക്ക് തീ പടരുന്നതിന് മുൻപ് തന്നെ കത്തുന്ന മാലിന്യങ്ങൾ നിലത്തേക്ക് തട്ടിക്കളയുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ പൂർണ്ണമായി അണച്ചു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ഗാർഹിക മാലിന്യങ്ങൾക്കൊപ്പം തള്ളുന്ന ബാറ്ററികളും വേപ്പുകളും (vapes) മാലിന്യ ലോറിക്കുള്ളിൽ വെച്ച് ഞെരിയുമ്പോൾ തീപിടുത്തത്തിന് കാരണമാകാറുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, അദ്ദേഹത്തിന്റെ കാര്യക്ഷമതയ്ക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. കടുത്ത സമ്മർദ്ദത്തിലും ഡ്രൈവർ കാണിച്ച ഈ മനസ്സാന്നിധ്യമാണ് ഒഴിവാക്കിയത് ഒരു വൻ അത്യാഹിതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *