അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; പത്ത് വിദ്യാർഥികൾ കൊല്ലപ്പെട്ടു, നൂറിലേറെ പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ പത്ത് വിദ്യാർഥികൾ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കുട്ടികളാണ്. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

പ്രവിശ്യാ തലസ്ഥാനമായ അസദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ആൻഡാർ സെർ മേഖലയിലാണ് ശനിയാഴ്ച രാവിലെ പത്തുമണിയോടെ സ്ഫോടനമുണ്ടായത്. സ്കൂളിന് സമീപം ഖനന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

ഖനന കമ്പനികളുടെ ഉടമസ്ഥതയിലുള്ള സ്ഫോടകവസ്തു സംഭരണകേന്ദ്രത്തിലെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കുനാർ പ്രവിശ്യയിലെ സാംസ്കാരിക-വിവര വിഭാഗം ഡയറക്ടർ സാമി ഉൽ ഹഖ് ബയാൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ക്ലാസ് മുറികളിൽ വിദ്യാർഥികൾ കുടുങ്ങിയതോടെ പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റ കുട്ടികളെ ആശുപത്രികളിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളിൽ പലർക്കും തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.

അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൽ മതീൻ ഖാനിയാണ് മരണസംഖ്യ പത്താണെന്നും 110 പേർക്ക് പരിക്കേറ്റതായും അറിയിച്ചത്. അതേസമയം, ആദ്യഘട്ടത്തിൽ പുറത്തുവന്ന റിപ്പോർട്ടുകളിൽ മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരുന്നു.

യുനിസെഫ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സംഘടനയും പങ്കാളികളും ചേർന്ന് പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതായും ദുരിതബാധിതരായ കുട്ടികളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങൾ വിലയിരുത്തുന്നതായും അറിയിച്ചു.

പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന കുനാർ പ്രവിശ്യയിൽ നിരവധി ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇരുമ്പയിര്, ചെമ്പ്, സ്വർണം, കൽക്കരി, വിലയേറിയ രത്നങ്ങൾ തുടങ്ങിയ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് അഫ്ഗാനിസ്ഥാൻ. എന്നാൽ ഖനനമേഖലയിൽ മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സ്കൂൾ സമുച്ചയത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 40ലേറെ കുട്ടികൾക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *