ചിരി മറന്ന ചുണ്ടുകൾ

ഞാൻ ഡോക്ടർ നീരജ മേനോൻ… ഒരു പ്രത്യേക ദൗത്യവുമായാണ് ഞാനിപ്പോൾ നിൽക്കുന്നത്

അശാന്തിയുടെ തീരങ്ങൾ തേടി അലയുന്ന രുദ്രയുടെ മനസ്സ് പിടിച്ചു കെട്ടണം… അതിനു അവളുടേ മാതാപിതാക്കൾ നിയോഗിച്ചത് എന്നെ….

മുൻപ് പലരെയും ഞാൻ ചികിൽസിച്ചു ഭേദം ആക്കിയിട്ടുണ്ട്… എന്നാൽ ഇതുപോലെ തന്നെ കുഴപ്പിക്കുന്ന ഒരു കേസ് ഇതു വരെ വന്നിട്ടില്ല

രുദ്ര…. കാഴ്ച്ചയിൽ സുന്ദരി…
പെരുമാറ്റത്തിൽ മര്യാദക്കാരി….
പക്ഷെ അവൾ ചിരിക്കുന്നില്ല…

അതാണ് അവളുടെ വീട്ടുകാരുടെ വേവലാതി…
കഴിഞ്ഞുപോയ നാളുകളിലെന്നോ നഷ്ടപ്പെട്ടുപോയ അവളുടെ ചിരി തിരികെ കൊണ്ടു വരണം…

ബാല്യകാലത്തെ രുദ്ര പൊതുവെ സൈലന്റ് ആയിരുന്നു

വളർന്നപ്പോൾ കുറച്ചൊക്കെ മാറ്റം വന്നിരുന്നു..

ഈ സ്ഥിതിയിൽ പോയാൽ അത് അവളുടെ ഭാവിയെ ബാധിക്കുമെന്ന് തോന്നിയതിനാലാവണം ട്രീറ്റ്മെന്റ് തുടങ്ങണം എന്നവർ തീരുമാനിച്ചത്….

പക്ഷെ സ്വയമൊരു തടവറയിലെന്ന പോലെ ആയിരുന്നു അവൾ എന്നും

ആദ്യം വേണ്ടത്

ആ ചിരി നഷ്ടപ്പെട്ടത് എവിടെയാണ്… എങ്ങനെയാണ് എന്ന് കണ്ടെത്തുകയാണ്….

ആരാണ് അവളുടെ ചിരി നഷ്ടപ്പെടുത്തിയത്…

അവളാരെയെങ്കിലും സ്നേഹിച്ചിരുന്നുവോ…

അതുമല്ലെങ്കിൽ ആരെങ്കിലും അവളെ ഉപദ്രവിച്ചുവോ

കോളേജിൽ പോലും പോകാതെ അവളുടെ മുറിയിൽ സ്വയം തളയ്ക്കപ്പെട്ട രുദ്രയ്ക്ക് ശരിക്കും എന്താണ് സംഭവിച്ചത്….
കണ്ടെത്തേണ്ടിയിരിക്കുന്നു..

അതിനു ആദ്യം അവളുടെ കോളജിൽ നിന്നു തന്നെ അന്വേഷണം തുടങ്ങണം…

അതിനു പറ്റിയ ആൾ അനുപമ ആണ്…

തന്റെ സുഹൃത്തിന്റെ മകൾ… രുദ്രയുടെ അടുത്ത കൂട്ടുകാരി…

പക്ഷെ അവളോട്‌ പോലും ഒന്നും പറയാതെ മൗനത്തിന്റെ വാല്മീകത്താൽ തളയ്ക്കപ്പെട്ടു കഴിയുന്ന രുദ്ര അനുപമയ്ക്കും ഒരു വേദന ആണ്….

അനുപമ യെ വിളിച്ചു കുറേ സംസാരിച്ചു… അവൾക് തീരെ അറിയില്ല രുദ്രയ്ക്ക് എന്താണ് സംഭവിച്ചതെന്ന്… പൊതുവെ മിതഭാഷി ആയിരുന്നുവെങ്കിലും പെട്ടെന്നൊരു ദിനം അവൾ തീരെ സൈലന്റ് ആവുകയായിരുന്നു…

അതിന്റെ പിറ്റേന്ന് മുതൽ കോളേജിലും വരാതായി…. വീട്ടിൽ ചെന്നപ്പോൾ തന്നെ കാണാൻ പോലും കൂട്ടാക്കിയില്ല… വളരെ വേദനയോടെയാണ് താൻ തിരിച്ചു പോന്നത്… അത്രയ്ക്കിഷ്ടായിരുന്നു അവളെ…

കോളജിൽ അവൾക്കു അഫയർ ഒന്നും ഉണ്ടായിരുന്നില്ല… കാണാൻ സുന്ദരി ആയിരുന്നിട്ടും ആരും അവളെ ശല്യം ചെയ്തിരുന്നില്ല…. കാരണം അവളുടെ പെരുമാറ്റം ആയിരുന്നിരിക്കണം… അധികം ബഹളങ്ങളില്ല… മിതമായ സംസാരം… എന്നാൽ മുഖത്തെപ്പോഴും പുഞ്ചിരി ഉണ്ടാകും… ആ പുഞ്ചിരിയാണിപ്പോൾ നഷ്ടമായിരിക്കുന്നത്…

ഇനിയുള്ളത് അവളുടെ വീട്ടിലാണ് അന്വേഷിക്കേണ്ടത്…

അച്ഛനും അമ്മയും സർക്കാർ സർവീസിലാണ്.. ഏക മകൾ… ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല…,…

ഒരു ഞായറാഴ്ച പകൽ

….
ഡോക്ടർ നീരജ യുടെ കാർ “രുദ്രാക്ഷത്തിന്റെ ” കാർ പോർച്ചിൽ ചെന്നു നിന്നു..

രുദ്രയുടെ മാതാപിതാക്കളായ യതീന്ദ്രനും ശൈലജയും സ്നേഹപൂർവ്വം അവരെ സ്വീകരിച്ചു….

കുശാലാന്വേഷണങ്ങളും സൽക്കാരങ്ങളും ഒക്കെ കഴിഞ്ഞു നീരജ രുദ്രയുടെ മുറിയിൽ തട്ടി വിളിച്ചു….
വാതിൽ തുറക്കപ്പെട്ടു….
അച്ഛനും അമ്മയും ആണെന്ന് വിചാരിച്ചു കതക് തുറന്ന രുദ്ര നീരജ യെ കണ്ടു നെറ്റി ചുളിച്ചു….

“ഹായ് രുദ്ര…. എനിക്കകത്തേക്ക് വരാമോ…”

അവൾ ഒന്നും മിണ്ടിയില്ല… ഡോർ അടയ്ക്കാതെ മുറിയിലേക്ക് തിരിഞ്ഞു നടന്നു ജനാലയുടെ ഓരത്തു പോയി നിന്നു…
നീരജ വാതിലടച്ചു അവളുടെ സമീപം ചെന്നു.,.

നീരജ മുറിയിലാകവേ നോക്കി.. നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മുറി… പുസ്തകങ്ങളൊക്കെ ഷെൽഫിൽ നന്നായി അടുക്കി വെച്ചിരിക്കുന്നു… നല്ല വായന ശീലമുണ്ടെന്നു കേട്ടിട്ടുണ്ട്….ഷെൽഫിൽ അധികവും മനഃശാസ്ത്ര പരമായ നോവലുകളാണെന്നു നീരജ മനസ്സിലാക്കി ..

ഫ്രഞ്ച് സാഹിത്യകാരി .മാഡം ഡി ലാ ഫയറ്റിന്റെ “ലാ പ്രിൻസസ്സ് ഡി ക്‌ളീവ് “എന്ന നോവൽ.,.. സാമുവേൽ റീചാർഡ്‌സൻ ന്റെ “വിർച്യു റിവാർഡഡ്… ഇവയൊക്കെ രുദ്രയുടെ കളക്ഷനിൽ ഉണ്ടെന്നു കൗതുകത്തോടെ നീരജ തിരിച്ചറിഞ്ഞു….

“ആഹാ രുദ്രക്കുട്ടി ഈ നോവൽസൊക്കെ വായിക്കുമോ…. എനിക്കും ഇഷ്ടമാണ്… ഇതൊക്കെ വായിക്കാൻ… പക്ഷെ സമയം കിട്ടാറില്ല…”

രുദ്ര ഒന്നും മിണ്ടിയില്ല…

ഇതിപ്പോൾ രുദ്രയെ കണ്ടാൽ “വിർച്യു റിവാർഡഡിലെ” പമേലയെപ്പോലെ ഉണ്ടല്ലോ…… സുന്ദരിയായ ഊമക്കുയിൽ…. “

കഥകളൊക്കെ വായിക്കുന്നത് നല്ലതാണ്… പക്ഷെ അ കഥാപാത്രങ്ങൾ നമ്മളാണെന്നു സ്വയം അവരോധിച്ചു മൗനത്തിന്റെ വാല്മീകത്തിലൊളിച്ചു ജീവിക്കുന്നത് ഭീരുത്വമാണ് കുട്ടി…

പൊടുന്നനെ നീരജയെ അത്ഭുതപ്പെടുത്തിക്കൊണ്ട് രുദ്ര കരയാനാരംഭിച്ചു…

“നീരജ അവളെ ചേർത്തണച്ചു…. രുദ്ര പെയ്തൊഴിയുകയായിരുന്നു….

വർഷങ്ങളായി ആ മനസ്സിൽ കെട്ടിക്കിടന്നതെല്ലാം നീരജ കുടഞ്ഞു പുറത്തേക്കിട്ടു….

അച്ഛന്റെ തറവാട്ടിലായിരുന്നു.. രുദ്രയുടെ ബാല്യകാലം…. വലിയൊരു കൂട്ടുകുടുംബം… അവിടുത്തെ കുട്ടികളോടൊപ്പം കളിച്ചു വളർന്ന രുദ്ര ഒരു പൂത്തുമ്പിയെപ്പോലെ പാറി നടന്നു….

പെട്ടെന്നൊരു ദിവസം ഒരു രാത്രിയിൽ ഇരുട്ടിൽ ഒരു കൈ നീണ്ടു വന്നു.. രുദ്രയുടെ വായ പൊത്തി….
പല രാത്രികളിലും ഇതാവർത്തിക്കപ്പെട്ടു…. പിറകെ കാതിൽ ഭീഷണിയും “ആരോടേലും മിണ്ടിപ്പോയാൽ കൊന്നുകളയും “

“അതാരാണെന്നു കുഞ്ഞു രുദ്രയ്ക്കന്നു മനസ്സിലായില്ല….”

പേരറിയാത്ത എന്തോ വേദനകൾ ശരീരത്തെ കാർന്നു തിന്നുന്നത് അവളറിയുന്നുണ്ടായിരുന്നു… ഒന്നുമാത്രം മനസ്സിലായി… അയാളുടെ ദേഹത്തിന് അസ്സഹനീയമായ വിയർപ്പു നാറ്റമുണ്ടായിരുന്നു… കൈകളിൽ തടിച്ച ഒരു ഇരുമ്പ് വള ഉണ്ടായിരുന്നു….

അനേകം കുട്ടികളുള്ള ആ തറവാട്ടിലെ ഒരു കുട്ടിയുടെ പേടിച്ചരണ്ട മുഖവും ശബ്ദമില്ലാത്ത നില വിളികളും ആരും തിരിച്ചറിഞ്ഞില്ല….ഒരു ദിനം പകൽ കോലായിൽ മുത്തശ്ശിയുടെ മടിയിൽ കിടക്കവേ ആ മടുപ്പിക്കുന്ന നാറ്റം തന്നെ പൊതിയുന്നത് പോലെ തോന്നിയപ്പോൾ അവൾ കണ്ണ് തുറന്നു നോക്കി…

കാര്യസ്ഥൻ കരുണൻ ആണ്… പെട്ടെന്നവളുടെ നോട്ടം അയാളുടെ കൈകളിലേക്ക് പാഞ്ഞു.. അതെ.. ഇതയാൾ തന്നെ… അയാളുടെ ചോരക്കണ്ണുകളിലെ തുറിച്ചു നോട്ടം നേരിടാനാവാതെ രുദ്ര കണ്ണുകൾ ഇറുക്കിയടച്ചു….

“മുത്തശ്ശി… ഞാൻ ഇന്ന് മുതൽ മുത്തശ്ശിയുടെ കൂടെ കിടന്നോട്ടെ..”

“അതെന്തു പറ്റി പെട്ടെന്ന്…… എല്ലാവരുടെയും അടുത്ത് കിടക്കുന്നതാണ് ഇഷ്ടമെന്നല്ലേ പറഞ്ഞത്..”

“എന്നാലും എനിക്കിനി മുത്തശ്ശീടെ കൂടെ കിടന്നാൽ മതി “

.
“എന്നാൽ എന്റെ മോളു മുത്തശ്ശിയുടെ അടുത്ത് കിടന്നോളു “

ദുരിതപൂർണ്ണമായ നാളുകൾ മെല്ലെ അവസാനിച്ചു വെങ്കിലും ആ ദിനങ്ങൾ കുഞ്ഞു രുദ്രയുടെ മനസ്സിനെ ആഴത്തിൽ കുത്തി നോവിച്ചു കൊണ്ടേയിരുന്നു…

ജോലി സംബന്ധമായി നഗരത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടപ്പോൾ വീണ്ടും രുദ്ര ഒറ്റപ്പെടലിന്റെ കൂട്ടുകാരിയായി….

ജോലിക്കാരി സിസിലി ഏടത്തി ആയി അവളോട് പിന്നെ കൂട്ട്…. അങ്ങനെ അവരുമായി അടുത്തു വന്നപ്പോൾ പെട്ടെന്നൊരു ദിവസം അറ്റാക്കിന്റെ രൂപത്തിൽ മരണമെത്തി അവരെ കൊണ്ടുപോയി….

അച്ഛനും അമ്മയും വൈകുന്നേരം വരും വന്നിട്ട് അവരുടേതായ തിരക്കുകളിൽ മുഴുകും… രുദ്രയോട് കുറച്ചു നേരം ചിലവഴിക്കാൻ പോലും സമയം അവർക്ക് കിട്ടാറില്ല എന്നതാണ് സത്യം…

അങ്ങനെ അവൾ ഏകാന്തതയുടെ തടവുകാരിയായി….. കോളേജിൽ എത്തിയപ്പോഴേക്കും കൂട്ടുകാരിൽ നിന്നെല്ലാം ഒറ്റപ്പെട്ടു നടക്കാനായിരുന്നു അവൾക്കിഷ്ടം…. വർണ്ണപ്പകിട്ടിന്റെ ലോകം അവൾ വെറുത്തു പോയിരുന്നു…. ആകെ കൂട്ട് അനുപമ ആയിരുന്നു……

അതിനിടയിൽ എപ്പോഴോ പുസ്തകങ്ങളുടെ ലോകത്ത് എത്തിപ്പെട്ടു… വായന തന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി…… പ്രണയവും… സന്തോഷവും സങ്കടങ്ങളും രോഗങ്ങളും ദാരിദ്ര്യങ്ങളും ഒക്കെ പ്രതിപാദിക്കുന്ന അനേകം കഥകൾ…..

തന്റെ ഈ പ്രായത്തിൽ പ്രണയം തോന്നുക സ്വാഭാവികം.. പക്ഷെ തനിക്കു തോന്നിയത് ആ ആൾക്ക് തോന്നണം എന്നില്ലല്ലോ….
സ്വയം ഒതുങ്ങിപ്പോയ തന്നെ വെളിച്ചത്തിലേക്ക് കൊണ്ടു വരാനായി അല്പമെങ്കിലും ശ്രമിച്ചത്…. ഋഷി സാർ ആയിരുന്നു…. സാഹിത്യത്തിലുള്ള തന്റെ അഭിരുചി പുറത്തേക്കെടുക്കുവാൻ തന്നെ നിരന്തരം നിർബന്ധിച്ചു കൊണ്ടേയിരുന്നു… അങ്ങനെ അങ്ങനെ അറിയാതെ തന്നിലൊരു മൃദുലവികാരം അന്നാദ്യമായി മുള പൊട്ടി….

ഋഷി സാറിന്റെ പിറന്നാൾ ദിവസം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ഒരു പുസ്തകവും അതിനുള്ളിൽ തന്റെ മനസ്സറിയിച്ചു കൊണ്ടുള്ള ഒരു കവിതയുമായി താൻ അദ്ദേഹത്തെ കാണാനായി എത്തിയപ്പോൾ കണ്ടത്…… ലവേഴ്‌സ് കോർണറിനു സമീപം ആരുടേയും ശ്രദ്ധയിൽ പെടാതെ ആലിംഗബദ്ധരായി നിൽക്കുന്ന ഋഷി സാറും അനുപമയും…..

തന്റെ കയ്യിൽ നിന്നും പുസ്തകം താഴെ വീണ ശബ്ദം കേട്ട് ആവണം അവർ ഞെട്ടിത്തിരിഞ്ഞു….അവളെ കണ്ടതും രണ്ടുപേരുടെയും മുഖം വിവർണമായി….

അന്ന് മുതൽ താൻ അനുപമയോട് മിണ്ടിയിട്ടില്ല… പിറ്റേന്ന് മുതൽ കൊളേജിലേക്ക് പോയിട്ടുമില്ല…. ആരുമില്ലാത്ത… തനിക്കു പ്രിയപ്പെട്ട ഏകാന്തതയുടെ മടിത്തട്ടിലേക്ക് താൻ അഭയം കണ്ടെത്തുകയായിരുന്നു….

ആരും ഇല്ല തനിക്കു… തന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ അല്ലാതെ…. സൈക്കോളജിക്കൽ നോവലുകൾ വായിക്കുന്നതിൽ ഒരു പ്രത്യേകം ഹരം കയറിയ താൻ അതിൽ പലതിലും തന്നെപോലുള്ള പെൺകുട്ടികളെ കണ്ടെത്തി…
.
അവരുമായി ചങ്ങാത്തത്തിലെത്തി…
പക്ഷെ തന്നെപ്പോലെ ആരുടേയും ചുണ്ടിൽ ഒരു പുഞ്ചിരി കണ്ടെത്താൻ തനിക്കു കഴിഞ്ഞില്ല…….. ഇതിപ്പോൾ നീരാജാന്റിയോടു മനസ്സ് തുറന്നപ്പോൾ എന്തോ ഒരു സമാധാനം…..

രുദ്രയുടെ ചിരി മാഞ്ഞിടം നീരജ കണ്ടെത്തി….

ഒന്നുമറിയാത്ത പ്രായത്തിൽ അവളെ ചൂഷണം ചെയ്ത കാര്യസ്ഥൻ……

അനേകം വർഷങ്ങളിൽ കൂട്ടുണ്ടായിരുന്ന ഏകാന്തത
.
കൂടെ നിന്നു എല്ലാത്തിനും സപ്പോർട്ട് ചെയ്യേണ്ട സമയത്ത് തിരക്കുകളിൽ പെട്ട് അവളെ താലോലിക്കാനോ…സമയം ചിലവഴിക്കാനോ പറ്റാതിരുന്ന മാതാപിതാക്കൾ

ആദ്യമായി പ്രണയം തോന്നിയ ആളിനെ തട്ടിയെടുത്ത കൂട്ടുകാരിയോട് തോന്നിയ അമർഷം…

അവൾ വായിച്ച പുസ്തകങ്ങളിലെ നായികമാരായ കഥാപാത്രങ്ങളായി സ്വയം ഒതുങ്ങിപ്പോയ രുദ്രയുടെ മനസ്സ്….

ഇവയെല്ലാം കടലാസ്സിൽ അക്ഷരങ്ങളായി രുദ്ര നിരത്തി വെച്ചിട്ടുണ്ടായിരുന്നു…

കുറേ നേരം നീരജ അവളോട്‌ സംസാരിച്ചു…. കാർമേഘമെല്ലാം നീങ്ങിപ്പോയ നീലാകാശമായി രുദ്ര…..

നീരജ രുദ്രയുടെ കുറിപ്പുകളെല്ലാo കയ്യിലെടുത്തു……

ആന്റി വരും മോളെ കാണാനായി അപ്പോഴേക്കും ഇതിലും മിടുക്കിയായി ഇരിക്കണം കേട്ടോ… ഇപ്പോൾ വരൂ….ഇന്ന് ഞാൻ ഉച്ചഭക്ഷണം രുദ്രമോളുടെ കൂടെയാണ്…
അവൾ മുഖം കുനിച്ചു…

“വരൂ മോളെ… ആന്റി അല്ലെ വിളിക്കുന്നെ “

ദിവസങ്ങൾക്കു ശേഷം രുദ്ര മുറി വിട്ട് പുറത്തേക്കിറങ്ങി….

എല്ലാവരുമൊന്നിച്ചു ഭക്ഷണം കഴിച്ചു….എന്നിട്ടും ആ ചുണ്ടിൽ ചിരി വിടർന്നില്ല…..

പോകാൻ നേരം നീരജ രുദ്രയുടെ മാതാപിതാക്കളെ മാറ്റി നിർത്തി കുറേ സംസാരിച്ചു…. അവർ അന്ധാളിപ്പോടെ എല്ലാം കേട്ടു നിന്നു…..

“നിങ്ങൾ വിഷമിക്കേണ്ട….എല്ലാം ശരിയാവും…..”
…………………………………………………….

നീണ്ട കരഘോഷങ്ങൾക്കിടയിൽ കോളേജ് ആഡിറ്റോറിയം മുങ്ങിപ്പോയി….

ആ കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ ഒരു പുസ്തകം ഇന്ന് പ്രകാശനം ചെയ്യുകയാണ്….

രുദ്ര യതീന്ദ്രന്റെ “ചിരി മറന്ന ചുണ്ടുകൾ “

എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ടു അവളെ മൂടുന്നു…..

ഏറെ അഭിമാനത്തോടെ…. തല ഉയർത്തിപ്പിടിച്ചു… അച്ഛനുമമ്മയ്ക്കുമൊപ്പം വേദിയിലിരിക്കുമ്പോൾ രുദ്രയുടെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു…… എന്നോ മറന്നുപോയ ആ മനോഹരമായ പുഞ്ചിരി…..

പ്രിയബൈജു
ശിവകൃപ

Leave a Reply

Your email address will not be published. Required fields are marked *