പുതുവര്‍ഷം പുതിയ സുരക്ഷാ കണ്ണുകളുമായി ഓസ്‌ട്രേലിയയിലെ പ്രധാന വിമാനത്താവളങ്ങള്‍

സിഡ്‌നി : 2025ന് വിടപറയാന്‍ ഒരുങ്ങുകയാണ് ലോകം. ഇത്തവണ പുതുവര്‍ഷത്തിലേക്ക് പുതിയ മാറ്റവുമായി ചുവട് വയ്ക്കുകയാണ് ഓസ്‌ട്രേലിയ.പുതുവര്‍ഷം പുതിയ സുരക്ഷാ കണ്ണുകളുമായി വിമാനത്താവളങ്ങള്‍ അധുനികവത്കരിക്കുന്നതിനാണ് രാജ്യം തുടക്കമിടുന്നത്. രാജ്യത്തിന്റെ ഈ മാറ്റം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടും. ദശലക്ഷക്കണക്കിന് യാത്രക്കാരുടെ സ്‌ക്രീനിങ് ആധുനികവത്കരിക്കുന്നതിനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.

ഡിസംബര്‍ 31നകം ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ച് ജനുവരി ഒന്നിന് പൂര്‍ണ്ണ തോതില്‍ പൂര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രീനിങ് ചെക്ക് പോയിന്റുകളില്‍ ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ടോയ്‌ലെറ്ററികള്‍ എന്നിവ അണ്‍പാക്ക് ചെയ്യുക എന്ന നടപടി ഒഴിവാക്കുന്നതിന് ലക്ഷ്യമിടുന്ന പുതിയ സാങ്കേതിക വിദ്യ രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും സ്ഥാപിക്കും.

അത്യാധുനിക കംപ്യൂട്ടഡ് ടോമോഗ്രാഫി (സിടി) എക്‌സ്-റേ സ്‌കാനറുകളാണ് ഇനി ചെക്ക് പോയിന്റുകളില്‍ സുരക്ഷയുടെ കണ്ണായി പ്രവര്‍ത്തിക്കുക. ഈ മെഷീനുകള്‍ ക്യാരി-ഓണ്‍ ലഗേജുകളുടെ ഉയര്‍ന്ന റെസല്യൂഷനിലുള്ള ത്രീഡി ഇമേജുകള്‍ സൃഷ്ടിക്കും. ഇതിലൂടെ ലഗേജുകള്‍ തുറക്കാതെ തന്നെ അകത്ത് സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും ദ്രാവകങ്ങളും തിരിച്ചറിയാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *