വംശീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ; വിവാദത്തിലായി വിക്ടോറിയയിലെ വൺ നേഷൻ സ്ഥാനാർത്ഥി

മെൽബൺ: ഇന്ത്യൻ വംശജർക്കെതിരെയും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയും മുൻകാലങ്ങളിൽ നടത്തിയ വംശീയവും സ്ത്രീവിരുദ്ധവുമായ സോഷ്യൽ മീഡിയ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയയിലെ വൺ നേഷൻ പാർട്ടി സ്ഥാനാർത്ഥി ക്രിസ് മൂർ. മെൽബണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയായ ഗ്രീൻവെയ്‌ലിലെ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. 2010-നും 2012-നും ഇടയിൽ തന്റെ സ്വകാര്യ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഇന്ത്യൻ വംശജരെയും അഭയാർത്ഥികളെയും വംശീയമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ, ബുർഖ ധരിച്ച സ്ത്രീയെയും കുട്ടിയെയും മാലിന്യ സഞ്ചികളോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്റ്, മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡിനെതിരെ അശ്ലീല ചുവയുള്ള ചിത്രവും പരാമർശവും പങ്കുവെച്ചത് എന്നിവയാണ് പുറത്തുവന്നത്. ഇതിനുപുറമെ സ്വവർഗ്ഗാനുരാഗികളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇദ്ദേഹം പങ്കുവെച്ചിരുന്നു.

ചെറുപ്പകാലത്ത് അടുത്ത സുഹൃത്തുക്കൾക്കിടയിൽ ചിന്തിക്കാതെ പങ്കുവെച്ച പോസ്റ്റുകളായിരുന്നു ഇവയെന്നും, ഇന്നത്തെ തന്റെ വ്യക്തിത്വത്തെയല്ല അവ പ്രതിഫലിപ്പിക്കുന്നതെന്നും ക്രിസ് മൂർ പ്രസ്താവനയിൽ വ്യക്തമാക്കി. ഗ്രീൻവെയ്‌ലിലെ വോട്ടർമാർക്കായി ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദമുണ്ടായിട്ടും ക്രിസ് മൂറിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റാൻ വൺ നേഷൻ വിക്ടോറിയ ഘടകം തയ്യാറായിട്ടില്ല.

മുസ്ലീം, പശ്ചിമേഷ്യൻ വംശജർക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് ഗ്രീൻവെയ്‌ൽ. മൂറിന്റെ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പുറത്താക്കണമെന്നും ലേബർ പാർട്ടി ആവശ്യപ്പെട്ടു. വോട്ടിംഗ് കാർഡിൽ മൂറിന് ഏറ്റവും അവസാന മുൻഗണനയേ നൽകുകയുള്ളൂ എന്ന് ലിബറൽ പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വിവാദ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ വിക്ടോറിയയിലെ മറ്റ് ചില സ്ഥാനാർത്ഥികൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ നടപടിയെടുത്തിട്ടുണ്ട്. അഡോൾഫ് ഹിറ്റ്‌ലറെ പുകഴ്ത്തിയും ഇസ്‌ലാം വിരുദ്ധ പരാമർശങ്ങൾ നടത്തിയും പോസ്റ്റിട്ട പ്രെസ്റ്റൺ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഫ്രാങ്കോ ഗാർഡിയാനിയെയും, അശ്ലീല പരാമർശങ്ങളുടെ പേരിൽ മെൽബൺ സീറ്റിലെ സ്ഥാനാർത്ഥി മാത്യു കോളിൻസിനെയും വൺ നേഷൻ പാർട്ടി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കൂടാതെ, ഓസ്‌ട്രേലിയയിലെ ആദിമ നിവാസികൾക്കെതിരെവംശീയ പരാമർശങ്ങൾ നടത്തിയ വില്യംസ്ടൗൺ മണ്ഡലത്തിലെ സ്ഥാനാർത്ഥി പോൾ ലിൻഡെമാനെ ലിബറൽ പാർട്ടിയും സ്ഥാനാർത്ഥിത്വത്തിൽ നിന്ന് നീക്കി. നവംബർ 28-ന് വിക്ടോറിയയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഥാനാർത്ഥികളുടെ മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് തലവേദനയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *