ക്രിസ്മസിന് രണ്ടു ദിവസം മുന്‍പാണ് റബേക്കയെ കാണാതായത്. പുല്ക്കൂടുണ്ടാക്കി നക്ഷത്രവിളക്കും തെളിച്ച് എല്ലാവരോടും ഒപ്പം ഓടിപ്പാഞ്ഞു നടന്ന റബേക്ക ഇതെവിടെപ്പോയി?നക്ഷത്രം നാട്ടിയ മരക്കൊമ്പിനു നീളം പോരെന്നു പരാതി പറഞ്ഞാണ് അവള് തലേന്ന് ഉറങ്ങാന്‍ കിടന്നത്.യു ട്യൂബില്‍ പുതിയതായി കണ്ടു പഠിച്ച ബീഫ് കറി ഇത്തവണ പാചകം ചെയ്യണമെന്നും ലൂക്കായുടെ കടയില്‍ നിന്നും ഒരു കിലോ പോത്തിറച്ചി വാങ്ങണമെന്നും അവള് ഓര്‍മ്മപ്പെടുത്തിയിരുന്നു.
പിറ്റേന്ന് രാവിലെയാണ് ഓടിയലച്ചു വന്ന വേലാണ്ടി റബേക്കയെപ്പോലൊരു പെണ്ണ് തല വഴി സാരിത്തുമ്പു വലിച്ചിട്ടു മുഖം പാതി മൂടി വടക്കോട്ടുള്ള ബസില്‍ ഇരിക്കുന്നത് കണ്ടെന്ന് പറഞ്ഞത്.കൂടെ ഏതോ ഒരു പുരുഷനും ഉണ്ടായിരുന്നത്രെ.അത് കേട്ടപ്പോഴാണ് ജോണിച്ചന് ചാടി യെണീറ്റത്. പിന്നെ ഒരു ഓട്ടപ്പാച്ചിലായിരുന്നു.മാത്തുക്കുട്ടിയുടെ കൂടെ അഞ്ചാറ് പേര് ടൗണില്‍ പോയി നോക്കാന്‍ പുറപ്പെട്ടു.ആ ബസ് തിരികെ വരുവോളം ജോണിച്ചന് കാത്തു നിന്നു.വണ്ടിക്കാരോട് അന്വേഷിച്ചിട്ടും പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടായില്ല.ഒരു ദിവസം മുഴുവന്‍ റബേക്കയെ കാത്തു നിന്ന ജോണിച്ചന് രാവില്‍ കരോള്‍ സംഘത്തോടൊപ്പം ചേര്‍ന്ന് ഏതു ചെറുപ്പക്കാരനും പറ്റാത്ത വിധത്തില്‍ തുള്ളിക്കളിച്ചു. ആ കാഴ്ച എല്ലാവരും അത്ഭുതത്തോടെയാണ് കണ്ടു നിന്നത്.ഇടയ്ക്കിടെ അയാള്‍ കിതച്ചു നിന്നു.പിന്നെ ആരും കാണാതെ മുഖംമൂടി മാറ്റി കണ്ണു തുടച്ചു.
‘എന്നാലും അവള് ഇങ്ങനൊരു പോക്ക് പോയത് കഷ്ടായി. ഈയുള്ളവനെ ഒറ്റയ്ക്ക് ഇട്ടേച്ചും പോയില്ലേ?’
‘പെറ്റ് വയറും മൊലേം ഉടയാത്ത ശരീരം അല്ലേ..വല്ല ചെറു വാല്യക്കാരെയും കിട്ടിക്കാണും.ജോണിച്ചായന് വയസ്സായില്ലേ? പോയിട്ട് വരും പൂതി തീരുമ്പോള്‍ ‘ചിലര്‍ അടക്കം പറഞ്ഞ് ചിരിച്ചു.
‘ഓള്ക്ക് അല്ലേലും മൊബൈലില്‍ കുത്തി ഒരു കളി ആയിരുന്നു ഈയിടെ.ഞാന്‍ കാണാറുണ്ട്. ‘മറിയച്ചേട്ടത്തി ഏറ്റു പിടിച്ചു.
‘മൂന്ന് തവണ കൂട്ടാന്‍ ചട്ടി കരിച്ചു.ഒരു ദിവസം ചോറും കരിച്ചു…വെളിവ് കെട്ട ഇരിപ്പല്ലേ ഇപ്പോഴത്തെ ആള്‍ക്കാരൊക്കെ ഈ ഫോണും കുത്തി.’
‘ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ല. പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കാം..’ആരോ നിര്‍ദേശിച്ചു.കരോള്‍ തീര്‍ന്നു വീട്ടിലേക്ക് മടങ്ങും വഴി മാത്തുക്കുട്ടി ചോദിച്ചു ‘ ഇച്ചായന് ആരെ എങ്കിലും സംശയം ണ്ടൊ? ‘
‘സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യം അല്ലേ ഓള് ചെയ്തേ. പോയ വഴി പോട്ടെടാ. ഒരു പരാതിയും വേണ്ട..ആരെ സംശയിക്കാന്‍.ആ മൊബൈല്‍ പോലും മേശപ്പുറത്തു വെച്ചിട്ടാ പോയത്…ഒന്ന് വിളിച്ചു നോക്കാന്‍ പോലും പറ്റില്ല… ഒക്കെ ഓരോ യോഗമാ’
അന്ന് ജോണിച്ചന് ഒന്നും കഴിച്ചില്ല.കുറെ നേരം പുല്‍ക്കൂട് നോക്കിയിരുന്നു.പിന്നെ മെല്ലെ ഇറങ്ങി നടന്നു.തോട്ടില്‍ കിടന്നു പുളഞ്ഞ വരാല് മീന്‍ പോലും തന്നെ പരിഹസിക്കും പോലെ അയാള്‍ക്ക് തോന്നി.
‘ആരാ കെട്ട്യോളെ ചൂണ്ടയിട്ടോണ്ട് പോയത്? ‘എന്നൊരു വരാല് പിടച്ചില്‍ കേട്ടത് പോലെ അയാളുടെ ഉള്ളു നൊന്തു.കാത് പൊത്തി വടക്കു വശത്തെ വയലും കടന്ന് മൊട്ടക്കുന്നു കയറുമ്പോള്‍ അകലെ നിന്നൊരു പൊള്ളുന്ന കാറ്റ് പാഞ്ഞു വന്നു നീളം കൂടിയ മുളകളില്‍ തട്ടി ചൂളം വിളിച്ചു.
കുന്നിന് താഴെ നിന്ന ഒറ്റമരം തണലും തുണയുമായി മാടിവിളിക്കും പോലെ.സങ്കടം വരുമ്പോള്‍ വന്നിരിക്കാറുള്ള ഒരിടം.ആരും ഇവിടേക്ക് വരാറില്ല
വെറുതെ ആകാശത്തേക്ക് നോക്കി എത്ര നേരം വേണമെങ്കിലും ഇരിക്കാം. ജോണിച്ചന് കുന്നിറങ്ങി.അരികിലേക്ക് കാറ്റില്‍ ഉലഞ്ഞു മാടി വിളിച്ച മരച്ചില്ലയിലേക്ക് മെല്ലെ വലിഞ്ഞു കയറി.ചില്ലയില്‍ ഉടുമുണ്ട് കെട്ടി ഞാത്തി..ആകാശത്തിലേക്കു നോക്കി കൈ കൂപ്പി. ഊരാന്‍ പറ്റാത്ത വിധം കുരുക്ക് മുറുകിത്തുടങ്ങിയപ്പോള്‍ അയാള്‍ ആഴങ്ങളില്‍ എവിടെ നിന്നോ റബേക്കയുടെ ക്ഷീണിച്ച നിലവിളി കേട്ടു..
‘അരുതേ അച്ചായാ ‘താഴെ കാടും പടലും മൂടിക്കിടക്കുന്ന പൊട്ടക്കിണര്‍.അവസാന പിടച്ചിലിലും രക്ഷപ്പെടാന്‍ കുതറി അയാള്‍ ഒന്ന് നടുങ്ങി.
നിലവിളിയോടെ ഒരു കാറ്റ് മാത്രം അപ്പോഴും മരത്തിനും എന്നോ മറവിയില്‍ ആണ്ടു പോയ കിണറിനും ഇടയില്‍ വട്ടംചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു


