പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നു,ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചു; ഇന്‍ഡോര്‍ കുടിവെള്ള ദുരന്തത്തില്‍ മരണം 10 ആയി,32 പേര്‍ ഐസിയുവില്‍

ഇന്‍ഡോര്‍: പ്രദേശത്തെ പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന് (ഐഎംസി) പരാതി നല്‍കിയിരുന്നതായി അവകാശപ്പെട്ട് ബിജെപി കോര്‍പറേഷന്‍ കൗണ്‍സിലര്‍. പരാതി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്‍ഡോറിലെ കുടിവെള്ള ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ഡിവിഷന്‍ 11ല്‍ നിന്നുള്ള കൗണ്‍സിലര്‍ കമല്‍ വഗേല പറഞ്ഞു. അതേസമയം, കുടിവെള്ള ദുരന്തത്തില്‍ മരണസംഖ്യ 10 ആയി ഉയര്‍ന്നു. 32 പേര്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. ആകെ 294 പേരെയാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അതില്‍ 93 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 201 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഭഗീരത്പുരയില്‍ ജനങ്ങളോട് ടാപ്പ് വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ടാങ്കര്‍ വെള്ളം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കാനും പ്രദേശവാസികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

2022 ജൂലൈയില്‍ നടന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി ഒരു വര്‍ഷത്തിനുശേഷമാണ് ബിജെപി നേതാവ് കൂടിയായ കമല്‍ വഗേല തന്റെ ഡിവിഷനിലെ വിഷയം ഉന്നയിച്ച് പരാതി നല്‍കിയത്. ഭഗീരത്പുരയിലെ പഴയതും കാലപ്പഴക്കം ചെന്നതുമായ കുടിവെള്ള പൈപ്പ്ലൈനുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐഎംസിക്ക് കത്തെഴുതിയത്. എന്നാല്‍ പരാതിയില്‍ ഒരു നടപടിയും ഐഎംസി എടുത്തിരുന്നില്ല. രണ്ട് വര്‍ഷത്തിന് ശേഷം മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതിനെ തുടര്‍ന്ന് വയറിളക്കം പടര്‍ന്നുപിടിക്കുകയായിരുന്നു.

വെള്ളം മലിനമാകാനുള്ള സാധ്യതയെക്കുറിച്ച് 2023 മുതല്‍ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വഗേല മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആരോപിക്കുന്നു. ”പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ ഏകദേശം 2.3 കോടി രൂപ ആവശ്യമായിരുന്നു. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ നടപടികളില്‍ ഉള്‍പ്പെടെ അലംഭാവം കാട്ടി. ഇതോടെയാണ് വന്‍ ദുരന്തം സംഭവിച്ചത്” വഗേല മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിയില്‍ നടപടിയെടുത്ത മുഖ്യമന്ത്രി മോഹന്‍ യാദവ് ഐഎംസി കമ്മീഷണറെ നീക്കം ചെയ്യുകയും അഡീഷണല്‍ കമ്മീഷണറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഐഎംസി ജലവിതരണ വകുപ്പിന്റെ ഇന്‍-ചാര്‍ജ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പ്രദീപ് നിഗമിനെയും സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *