വെനിസ്വേലന്‍ പ്രസിഡന്റ് മഡുറോയെ യുഎസ് സൈന്യം തടവിലാക്കിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജാഗ്രതയോടെ പ്രതികരിച്ചു. ഈ സംഭവം ആഗോള എണ്ണവിലയെയും ഓസ്ട്രേലിയന്‍ ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്. ASX 200 സൂചിക ഇന്ന് കാര്യമായ മാറ്റമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയാല്‍, വെനിസ്വേലയിലെ രാഷ്ട്രീയ അസ്ഥിരത ആഗോള തലത്തില്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വെനിസ്വേലയില്‍ യുഎസ് ഇടപെടല്‍ ഉണ്ടായതോടെ എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭീതിയിലാണ് വിപണി.രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 61 ഡോളര്‍ കടന്നു. ഓസ്ട്രേലിയയില്‍ പെട്രോള്‍ വില ലിറ്ററിന് 2.15 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധസമാനമായ സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണത്തെ കാണുന്നു. ഇതേത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 4,395 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുതിച്ചു.
സിഡ്നി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.എണ്ണക്കമ്പനികളായ Santos, Woodside Energy എന്നിവയുടെ ഓഹരികള്‍ ലാഭമുണ്ടാക്കിയപ്പോള്‍, ഇന്ധനവില വര്‍ധന തിരിച്ചടിയാകുന്ന വിമാനക്കമ്പനികളുടെ ഓഹരികള്‍ക്ക് ഇടിവ് സംഭവിച്ചു.
രാജ്യാന്തര തലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ യുഎസ് ഡോളര്‍ ശക്തിപ്പെടുകയും പല രാജ്യങ്ങളിലെയും കറന്‍സി മൂല്യം കുറയുകയും ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയത് വെനിസ്വേലയിലെ എണ്ണ ഉല്‍പ്പാദനത്തെ ബാധിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ വിപണിയില്‍ ഈ ‘ജാഗ്രത’ തുടരാനാണ് സാധ്യത

