പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടന കാലത്തിനു സമാപനം. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം പുലർച്ചെ 6.45-നാണ് നട അടച്ചത്. തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. 23ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.
രാജ പ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിന് സമാപനമായി. യാത്രാമധ്യേ തിരുവാഭരണം പെരുനാട് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ചാര്‍ത്തി. ശബരിമല കഴിഞ്ഞാല്‍ തിരുവാഭരണം ചാര്‍ത്തുന്ന ഏക ക്ഷേത്രമാണ് പെരുനാട്ടിലേത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും കൃത്യമായ ഏകോപനം ഇക്കുറി ശബരിമല തീർഥാടനത്തെ ശ്രദ്ധേയമാക്കി. ദേവസ്വം, ആരോഗ്യം, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം, വനം, അഗ്നിസുരക്ഷ, ജലസേചനം, വൈദ്യുതി, ഭക്ഷ്യം, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകളുടെ ചിട്ടയായ പ്രവര്‍ത്തനം ഭക്തര്‍ക്ക് ശബരിമലയില്‍ മികച്ച സൗകര്യം ഉറപ്പാക്കി. ആക്ഷേപങ്ങളോ പരാതികളോ ഇല്ലാത്ത മണ്ഡല മകരവിളക്ക് മഹോത്സവമാണ് സമാപിക്കുന്നതെന്ന് ശബരിമല എഡിഎം അരുണ്‍ എസ്. നായര്‍ പറഞ്ഞു.
നിലയ്ക്കല്‍- പമ്പ വഴിയും പരമ്പരാഗത കാനന പാതയിലൂടെയും ഏകദേശം 54 ലക്ഷത്തോളം ഭക്തരെത്തി. ആചാരപരമായ കാര്യങ്ങള്‍ക്കൊപ്പം ഭക്തര്‍ക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനായി.പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും തിരക്ക് നിയന്ത്രിച്ചു. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘവും ക്രമസമാധാന ചുമതലയ്ക്കും തിരക്ക് നിയന്ത്രണത്തിനും നേതൃത്വം നൽകി.സന്നിധാനത്തെ അത്യാധുനിക ആരോഗ്യ കേന്ദ്രത്തില്‍ തീര്‍ഥാടന കാലത്ത് ചികിത്സ തേടിയെത്തിയത് 96,826 ഭക്തരാണ്. സൗജന്യമായി 23.19 ലക്ഷം രൂപയുടെ മരുന്നും നല്കി.

