ഇത്ര മാത്രം

നിന്റെ മൗനങ്ങളിൽ നിന്ന്
അടർന്നു വീണ
അക്ഷരങ്ങൾ പെറുക്കിയെടുത്താണ് ഞാനെന്റെ കവിതയുടെ
ആഴങ്ങളിൽ രൂപകങ്ങളെ അടുക്കി വെച്ചത്.

വെയിലിൽ തളർന്നുറങ്ങിയ ഒരു നട്ടുച്ചയിൽ
ഒരിക്കൽ,
ഒരിക്കൽ മാത്രം
നീ പകർന്നു നൽകിയ
നിശ്വാസത്തിന്റെ
നനവ് പറ്റിയപ്പോഴാണ്
മൊഴിയുവാനോർത്തൊരാ
വരികൾക്കായ് ഊഷരമായ എന്റെ ചുണ്ടുകൾ വിറ കൊണ്ടത്.

ഇന്നിപ്പോൾ
മൗനം അക്ഷരപ്പൂട്ടിട്ട കവിതയുടെ വാതായനത്തിനരികിൽ
തനിച്ചിരിക്കുമ്പോൾ മൃത്യുവിന്റെ പതിഞ്ഞ ശബ്ദങ്ങൾ
എന്നെ ഭയപ്പെടുത്തുന്നേയില്ല
കവിതയും കഥനവും
നിന്റെ കുഴിമാടത്തിനരികിൽ
വെടിഞ്ഞ്
ഇനിയെനിക്ക് തിരിച്ചു പോകാൻ
സമയമായിരിക്കുന്നു

– സലാം കുറ്റിച്ചിറ

Leave a Reply

Your email address will not be published. Required fields are marked *