കയ്റോ: ഇസ്രേലി സേനയുടെ ആക്രമണത്തിൽ ഗാസയിൽ മൂന്നു മാധ്യമപ്രവർത്തകർ അടക്കം 11 പലസ്തീനികൾ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലെ അൽ സഹ്റ മേഖലയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകരുടെ മരണം.
ഹമാസ് ഭീകര സംഘടനയുടെ ഡ്രോൺ പ്രവർത്തിച്ചവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു. ഇവരുടെ നടപടികൾ സൈനികർക്കു ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് ആക്രമണം നടത്തേണ്ടിവന്നത്. സംഭവം പരിശോധിച്ചുവരികയാണെന്നും ഇസ്രേലി സേന കൂട്ടിച്ചേർത്തു. ഗാസയിലെ പല ഭാഗങ്ങളിലായി ഉണ്ടായ മറ്റ് ആക്രമണങ്ങളിലാണ് എട്ടുപേർ കൂടി മരിച്ചത്. ഇതിൽ പത്തും 13ഉം പ്രായമുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
കഴിഞ്ഞവർഷം ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രബല്യത്തിൽ വന്നശേഷം ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 466 പലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യവൃത്തങ്ങൾ അറിയിച്ചിരുന്നു.

