വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടിയുടെ പേരിൽ വീണ്ടും കൊലപാതകം. ഫെഡറൽ ഉദ്യോഗസ്ഥർ മിനിയാപൊളിസിൽ 51കാരനെ വെടിവച്ചു കൊന്നു. സംഭവത്തിന് പിന്നാലെ വൈറ്റ്ഹൗസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഡെമോക്രാറ്റായ മിനിയാപൊളിസ് ഗവർണർ ടിം വാൾസ് അറിയിച്ചു. തന്റെ സംസ്ഥാനത്ത് കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം.
മരിച്ച വ്യക്തിയുടെ കൈവശം രണ്ട് മാഗസിനുകൾ ഉണ്ടായിരുന്നുവെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വക്താവ് ട്രീഷ്യ മക്ലോഫ്ലിൻ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.
ജനുവരി ഏഴിന് 37 കാരിയായ റെനി ഗുഡ് എന്ന യുവതിയെ കുടിയേറ്റ വിരുദ്ധ നടപടിയുടെ പേരിൽ വെടിവച്ചു കൊന്നത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. കൂടാതെ, കുടിയേറ്റക്കാർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി അഞ്ച് വയസുകാരനെ ഡിറ്റൻഷൻ കേന്ദ്രത്തിലാക്കിയ സംഭവവും ഏറെ വിവാദമായിരുന്നു.

