ബ്രിസ്ബേൻ: ക്വീൻസ്‌ലാൻഡിലെ റോയൽ ബ്രിസ്ബേൻ വിമൻസ് ഹോസ്പിറ്റലിൽ അർദ്ധരാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിനു നേരെ രോഗിയുടെ ക്രൂരമായ ആക്രമണം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
2024 ഒക്ടോബറിൽ പുലർച്ചെ രണ്ട് മണിയോടെ ഡാനിയേൽ നെൽസൺ എന്ന നേഴ്സിനു നേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. മദ്യപിച്ച് അക്രമാസക്തനായ രോഗിയെ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ, സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത സ്ഥലത്തുവെച്ച് ഇയാൾ തിരിഞ്ഞുനിന്ന് നേഴ്സിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തുടർച്ചയായി മർദ്ദിക്കാൻ ശ്രമിച്ച രോഗിയെ ഡാനിയേൽ അതിവേഗം സ്വയം പ്രതിരോധിച്ചു. പത്ത് വർഷമായി താൻ അഭ്യസിക്കുന്ന ‘ജിയു-ജിറ്റ്സു’ എന്ന ആയോധനകലയുടെ മികവിലാണ് അദ്ദേഹം രോഗിയെ അതിവിദഗ്ദ്ധമായി കീഴ്പ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തുന്നതുവരെ രോഗിയെ നിലത്ത് തളച്ചിടാൻ അദ്ദേഹത്തിന് സാധിച്ചു. ഡാനിയേൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 13 ലക്ഷത്തിലധികം (1.3 Million) ആളുകളാണ് കണ്ടത്.
അതേസമയം, ഓസ്‌ട്രേലിയയിൽ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നഴ്‌സസ് പ്രൊഫഷണൽ അസോസിയേഷൻ ക്വീൻസ്‌ലാൻഡ് (NPAQ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് പ്രതിവർഷം 16,000-ത്തിലധികം ആക്രമണങ്ങളാണ് ആരോഗ്യപ്രവർത്തകർ നേരിടുന്നത്. അതായത് പ്രതിദിനം ശരാശരി 45 നഴ്സുമാർ ആക്രമിക്കപ്പെടുന്നു. ഓസ്‌ട്രേലിയയിലുടനീളം ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നേഴ്സുമാർക്കും കടുത്ത ആശങ്ക ഉയർത്തുന്നതാണ് ഈ റിപ്പോർട്ടുകൾ

