വൻ വിസ തട്ടിപ്പ്; ഏജ്ഡ് കെയർ സ്ഥാപനത്തിന് കുരുക്കിട്ട് ബോർഡർ ഫോഴ്‌സ്

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിലെ ഏജ്ഡ് കെയർ സ്ഥാപനത്തിൽ നടന്ന കുടിയേറ്റ തൊഴിലാളി ചൂഷണത്തിനെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയൻ ബോർഡർ ഫോഴ്‌സ് . വിസ സ്പോൺസർഷിപ്പ് ചെലവുകൾ അനധികൃതമായി തൊഴിലാളികളിൽ നിന്ന് ഈടാക്കിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ വൻ തുക പിഴയും വിലക്കും ഏർപ്പെടുത്തി.

ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോം അഫയേഴ്‌സ് സ്‌പോൺസർ മോണിറ്ററിംഗ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്. സ്കിൽസ് ഇൻ ഡിമാൻഡ് (സബ്ക്ലാസ് 482) വിസയിൽ എത്തിയ 13 തൊഴിലാളികളിൽ നിന്നായി 1,18,197 ഓസ്‌ട്രേലിയൻ ഡോളറാണ് ഈ ഏജ്ഡ് കെയർ കമ്പനി അനധികൃതമായി പിരിച്ചെടുത്തത്.

മുന്നറിയിപ്പില്ലാതെ എബിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് തൊഴിലാളികൾ വിസ, നോമിനേഷൻ ആവശ്യങ്ങൾക്കായി 17,449 ഡോളറും 19,847 ഡോളറും കമ്പനിക്ക് നൽകിയതായി തെളിവുകൾ സഹിതം മൊഴി നൽകി. ഓസ്‌ട്രേലിയൻ കുടിയേറ്റ നിയമപ്രകാരം സ്പോൺസർഷിപ്പ്, നോമിനേഷൻ പ്രോസസിംഗ് ചെലവുകൾ തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്.

തട്ടിപ്പ് തെളിഞ്ഞതോടെ സ്ഥാപനം കുറ്റം സമ്മതിക്കുകയും തൊഴിലാളികളിൽ നിന്ന് കൈപ്പറ്റിയ മുഴുവൻ തുകയും തിരികെ നൽകുകയും ചെയ്തു. എന്നിരുന്നാലും, നിയമലംഘനം കണക്കിലെടുത്ത് പുതിയ വിസ നോമിനേഷനുകൾ നൽകുന്നതിൽ നിന്ന് സ്ഥാപനത്തിന് ആറ് മാസത്തെ വിലക്ക് എബിഎഫ് ഏർപ്പെടുത്തി.

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സ്പോൺസർമാർക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം നടത്തുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും എബിഎഫ് ആക്ടിംഗ് കമാൻഡർ ടിം തോർലി മുന്നറിയിപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *