മെൽബണിൽ പുകയില മാഫിയാ സംഘർഷം രൂക്ഷം; പലചരക്ക് കടയ്ക്ക് നേരെ പെട്രോൾ ബോംബേറ്, വ്യാപക നാശനഷ്ടം

മെൽബൺ: മെൽബണിൽ അധോലോക പുകയില സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് വ്യാപാര സ്ഥാപനത്തിന് നേരെ കൂടി തീവെപ്പ് ആക്രമണം. സെപ്റ്റംബർ 28-ന് രാത്രി പടിഞ്ഞാറൻ മെൽബണിലെ ഡിയർ പാർക്കിലുള്ള ബല്ലാററ്റ് റോഡിൽ പ്രവർത്തിക്കുന്ന ‘ഏഷ്യ ലെയ്ൻ ഗ്രോസറി’ എന്ന കടയ്ക്ക് നേരെയാണ് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞത്. സംഭവത്തിന് പിന്നാലെ അക്രമികൾ ഓടി രക്ഷപ്പെട്ടു.

രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. ഈ സമയം കടയ്ക്കുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ലെങ്കിലും മുൻവശത്തെ ഗ്ലാസുകൾ തകരുകയും കടയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന അഞ്ച് മിനിറ്റിനുള്ളിൽ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അക്രമികൾക്കായി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സംഭവം നടന്ന അതേ ദിവസം തന്നെ വ്യാജ പുകയില വിൽപനയുമായി ബന്ധപ്പെട്ട് സമീപത്തെ മറ്റൊരു കട അധികൃതർ അടച്ചുപൂട്ടിയിരുന്നു. നഗരത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന അനധികൃത സിഗരറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട ‘പുകയില കുടിപ്പക’യുടെ ഭാഗമാണ് ഈ ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ക്രിമിനൽ സംഘങ്ങളുടെ അതിർത്തിത്തർക്കങ്ങൾ കാരണം ചെറുകിട വ്യാപാരികൾ വൻ നഷ്ടം നേരിടേണ്ടി വരികയും ഓരോ തീവെപ്പും സമീപത്തെ കെട്ടിടങ്ങൾക്കും ജനജീവിതത്തിനും കനത്ത ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, കരിഞ്ചന്ത തടയാൻ പുകയില നികുതി ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *