തെഹ്റാൻ: യുഎസ് സൈനിക സാന്നിധ്യം കണക്കിലെടുത്ത് മിസൈലുകളുടെ പ്രഹരപരിധി വർധിപ്പിക്കാൻ ഇറാൻ നടപടി ആരംഭിച്ചതായി ഇറാൻ സൈന്യം. അടുത്തിടെ നടന്ന യുദ്ധത്തിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മിസൈൽ ശേഷി കൂടുതൽ വികസിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ പറഞ്ഞു.
യുഎസ് സൈനിക വിഭാഗങ്ങൾ ഇറാൻ തീരത്തുനിന്ന് 1,000 കിലോമീറ്റർ വരെ അകലെയാണ് നിലവിൽ നിലയുറപ്പിച്ചിരിക്കുന്നതെന്നും അതിനനുസരിച്ച് മിസൈലുകളുടെ പരിധി വർധിപ്പിക്കേണ്ടതുണ്ടെന്നും അക്രാമിനിയ ഫാർസ് വാർത്താ ഏജൻസിയോട് പറഞ്ഞു. യുദ്ധത്തിനിടെ ഇറാൻ കരസേന കുവൈത്തിലെ ശത്രു കേന്ദ്രങ്ങൾക്കെതിരെയും നാവികസേന കപ്പലുകൾക്കെതിരെയും നടത്തിയ മിസൈൽ ആക്രമണങ്ങൾ ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഇറാൻ മിസൈൽ ശേഷി വർധിപ്പിക്കാനുള്ള നീക്കം മേഖലയിൽ അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ്. യുഎസ് സൈനിക കേന്ദ്രങ്ങളെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ട് കൂടുതൽ ശക്തമായ തിരിച്ചടി നൽകാനുള്ള സാധ്യത ഇറാൻ പരിഗണിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇറാന്റെ നിലവിലെ മിസൈൽ ശേഖരത്തിൽ വിവിധ ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടുന്നുവെന്നും ഏകദേശം 2,000 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള സംവിധാനങ്ങൾ രാജ്യത്തിനുണ്ടെന്നും യുഎസ് കോൺഗ്രസ് റിസർച്ച് സർവീസ് വിലയിരുത്തിയിട്ടുണ്ട്.
അതേസമയം, മിസൈൽ പരിധി വർധിപ്പിക്കുന്ന പദ്ധതിയുടെ കൃത്യമായ പരിധിയോ പുതിയ മിസൈലുകളുടെ സാങ്കേതിക വിവരങ്ങളോ ഇറാൻ പുറത്തുവിട്ടിട്ടില്ല.

