ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യ കൊടുങ്കാറ്റും ജനജീവിതം ദുഃസഹമാക്കുന്നു. ജമ്മു കാഷ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും മലകളും തുടർച്ചയായ മഞ്ഞുവീഴ്ചയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
ഡൽഹിയിലും ഉത്തരേന്ത്യയിലെ മിക്ക പ്രദേശങ്ങളിലും താപനില ആറു ഡിഗ്രി സെൽഷസ് വരെ താഴ്ന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ ആയി കുറഞ്ഞ താപനില പൂജ്യം മുതൽ അഞ്ച് ഡിഗ്രി സെൽഷസ് വരെ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശൈത്യക്കാറ്റ് തണുപ്പിന്റെ തീവ്രത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
മണാലിയിലെ മഞ്ഞിൽ നിരവധി വാഹനങ്ങളും വിനോദസഞ്ചാരികളും തെന്നി താഴേക്കുപോയെങ്കിലും വലിയ അപകടം ഒഴിവായി. നൈനിറ്റാൾ നഗരത്തിൽ മഴയ്ക്കൊപ്പം ആലിപ്പഴം വർഷവുമുണ്ടായി. നൈനിറ്റാളിലെ ചൈന പീക്ക്, കിൽബറി, അൽമോറയിലെ ദുനഗിരി, പൗരിയിലെ തർക്കേശ്വർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുമൂടി. വെള്ളിയാഴ്ചയാണു പലയിടങ്ങളിലും സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായത്.

