ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാരിനെ താഴെയിറക്കണമെന്ന് ആഹ്വാനം ചെയ്ത് തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ്. താൻ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങുന്ന ആളല്ലെന്നും ആരുടെയും അടിമയാകാൻ രാഷ്ട്രീയത്തിൽ വന്നവനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാമല്ലപുരത്ത് നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് തമിഴ്നാട് സർക്കാരിനെതിരെ വിജയ് ആഞ്ഞടിച്ചത്. വരാനിരിക്കുന്നത് വെറും തിരഞ്ഞെടുപ്പല്ല, മറിച്ച് ജനാധിപത്യ പോരാട്ടമാണെന്നും ആ പോരിനെ നയിക്കുന്ന കമാൻഡോകളാണ് ടി.വി.കെ പ്രവർത്തകരെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
തിരഞ്ഞെടുപ്പിന് ഇനി മൂന്ന് മാസം മാത്രമാണ് ശേഷിക്കുന്നതെന്നും ഈ സമയത്തിനുള്ളിൽ പാർട്ടി പ്രവർത്തകർ നടത്തുന്ന അധ്വാനമാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും വിജയ് പറഞ്ഞു. പാർട്ടിയുടെ പേരിൽ ‘അണ്ണാ’ എന്ന് ചേർത്തിട്ടുള്ളവരും അധികാരത്തിലിരിക്കുന്നവരും ഒരുപോലെ അണ്ണാദുരൈയുടെ ആശയങ്ങൾ മറന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻഗാമികളെപ്പോലെയോ ഇപ്പോഴത്തെ ഭരണാധികാരികളെപ്പോലെയോ താൻ അഴിമതി നടത്തില്ലെന്നും ഒരു തുള്ളി അഴിമതി പോലും തന്റെ ജീവിതത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് ഉറപ്പുനൽകി.
ജനങ്ങളാണ് ഇപ്പോൾ സമ്മർദ്ദത്തിലിരിക്കുന്നതെന്നും വഞ്ചിക്കപ്പെട്ട അവർ തന്നിൽ വലിയ വിശ്വാസം അർപ്പിക്കുന്നുണ്ടെന്നും വിജയ് പറഞ്ഞു. വിരട്ടലുകൾക്കും തുറന്നുകാട്ടലുകൾക്കും ഭയന്നാണ് മറ്റുള്ളവർ നിറംപിടിപ്പിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നത്. ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി ജോലി ചെയ്യാൻ ഒരാൾ വരുമോ എന്ന ചിന്തയിലായിരുന്നു തമിഴ്നാട്ടിലെ വോട്ടർമാർ. വിജയ് തങ്ങളോടൊപ്പം നിൽക്കുമെന്ന് അവർ വിശ്വസിക്കുന്നുണ്ടെന്നും അഴിമതിയില്ലാത്ത ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

