ബലാഗവി/നാസിക്: ഗോവയിൽനിന്ന് ഏകദേശം 400 കോടിയുടെ നിരോധിത കറൻസി നോട്ടുകളുമായി കർണാടകയിലേക്കു പോയ രണ്ട് ട്രക്കുകൾ കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല.
2023 മേയ് മാസത്തിൽ നിരോധിച്ചതും ഇപ്പോഴും മാറ്റിയെടുക്കാവുന്നതുമായ 2000 രൂപ നോട്ടുകളാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് നടന്ന സംഭവം പുറത്തായത് ഈമാസം ഒന്നിനാണ്; അതും, മഹാരാഷ്ട്രയിലെ നാസിക് സ്വദേശി സന്ദീപ് പാട്ടീൽ എന്നയാൾ നാസിക് പോലീസിൽ പരാതി നൽകിയതോടെ.
ഗോവയിൽനിന്നു കർണാടകയിലേക്കു പോയ ട്രക്കുകൾ കർണാടക, മഹാരാഷ്ട്ര, ഗോവ അതിർത്തിപ്രദേശവും കർണാടകയിലെ ബെലാഗവി ജില്ലയിൽപ്പെട്ട ഘാനാപുർ താലൂക്കിലെ വനമേഖലയുമായ ചൊർള ഘട്ടിൽനിന്നാണു കാണാതായത്. അതിനാൽത്തന്നെ മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ പോലീസ് സംഘം സംയുക്തമായാണു കേസ് അന്വേഷിക്കുന്നത്. രാജ്യത്തെ ക്രിമിനൽ ചരിത്രത്തിൽ ഏറ്റവും വലിയ പണം കവർച്ചയാണിത്. മഹാരാഷ്ട്രയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ കിഷോർ ഷെട്ടിയുടേതാണു കാണാതായ കാഷ് കണ്ടെയ്നറുകളെന്ന് മഹാരാഷ്ട്ര പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

