ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ വിശിഷ്ട, സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡലിന് കേരള പോലീസിൽനിന്ന് എസ്പി ഷാനവാസ് അബ്ദുൾ സാഹിബും കേരള ഫയർ സർവീസിൽനിന്ന് സ്റ്റേഷൻ ഓഫീസർ എൻ.രാജേന്ദ്രനാഥും അർഹരായി. ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ്, അസിസ്റ്റന്റ് ഡയറക്ടർ ഷാജി ചെറിയാൻ എന്നിവരും വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹരായി.
കേരള പോലീസിലെ എഎസ്പി എ.പി. ചന്ദ്രൻ, എസിപിമാരായ ടി. അഷ്റഫ്, സി.പ്രേമാനന്ദ കൃഷ്ണൻ, ഡിവൈഎസ്പിമാരായ കെ.ഇ. പ്രേമചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ വെളുത്തേടൻ, ടി. അനിൽകുമാർ, എം. ജോസ് മത്തായി, മനോജ് വടക്കേവീട്ടിൽ, എസ്ഐമാരായ ടി. സന്തോഷ് കുമാർ, പി. പ്രമോദ് ദാസ് തുടങ്ങി പത്തുപേർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായി. ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോഗി, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ.എ. ജാഫർഖാൻ, വി.എൻ. വേണുഗോപാൽ, ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥരായ ടി. വി. രാമചന്ദ്രൻ, എസ്. മുഹമ്മദ് ഹുസൈൻ, കെ. സതീഷ് ബാബു, എ. രാജേഷ് കുമാർ എന്നിവർക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു.
ഡൽഹി പോലീസിലെ കോഴിക്കോട് സ്വദേശി ആർ.എസ്. ഷിബു, എറണാകുളം സ്വദേശി കൃഷ്ണകുമാർ എന്നിവർ ധീരതയ്ക്കുള്ള മെഡലിന് അർഹരായി. 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോലീസ്, ഫയർ, ഹോം ഗാർഡ് ആൻഡ് സിവിൽ ഡിഫൻസ്, ജയിൽ എന്നീ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 982 ഉദ്യോഗസ്ഥരാണ് വിവിധ മെഡലുകൾക്ക് അർഹരായത്.

