കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ ആരംഭിച്ചെങ്കിലും സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നിരാഹാര സമരം തുടരുന്നു. സസ്പെൻഷനിലായ 16 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെയാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകാത്ത സാഹചര്യമുണ്ടായത്.
നവംബർ നാലിനാണ് സർവകലാശാലയിൽ പരീക്ഷകൾ ആരംഭിച്ചത്. വൈസ് ചാൻസലർ ഡോ. സിസ തോമസും സർവകലാശാലയും നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയത്. ആവശ്യമായ ഹാജർ ഇളവിനുള്ള അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കാതെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേരെ മാപ്പപേക്ഷയും ഭാവിയിൽ അക്രമസമരങ്ങളിൽ ഏർപ്പെടില്ലെന്ന ഉറപ്പും നൽകിയാൽ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ മാപ്പപേക്ഷ നൽകില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. ശേഷിക്കുന്ന നാലു വിദ്യാർഥികളുടെ സസ്പെൻഷൻ രണ്ടുമാസത്തേക്കു കൂടി നീട്ടാനും സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
ഓഗസ്റ്റ് 13ന് സർവകലാശാലയിൽ നടന്ന സിൻഡിക്കേറ്റ് യോഗത്തിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധമാണ് സംഭവങ്ങളുടെ തുടക്കം. വൈസ് ചാൻസലർക്കെതിരേ പ്രതീകാത്മക ശവസംസ്കാര പ്രകടനം നടത്തിയെന്നും അവരെ കൈയേറ്റം ചെയ്തെന്നും സർവകലാശാല ആരോപിച്ചിരുന്നു. എന്നാൽ നാടകവിഭാഗത്തിലെ ഉപകരണങ്ങളുടെ തകരാർ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതീകാത്മക പ്രതിഷേധമെന്നാണ് വിദ്യാർഥികളുടെ വിശദീകരണം.
സംഭവത്തെത്തുടർന്ന് സെപ്റ്റംബർ ഒന്നിനാണ് 16 വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. തുടർന്നുണ്ടായ നിയമപോരാട്ടത്തിനിടെയാണ് സിംഗിൾ ബെഞ്ച് ഒക്ടോബർ 30ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഇടക്കാല അനുമതി നൽകിയത്. ഇതിനെതിരായ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെങ്കിലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്.

