ബുറെവി ചുഴലിക്കാറ്റ്; കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യത.

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബുറെവി ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. അഞ്ച് ദിവസം തുടർച്ചയായി മഴ ലഭിക്കുമെന്നതിനാൽ കേരളത്തിൻ്റെ തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു.

ദുരന്തസാധ്യതാ മേലഖ‍കളില്‍ ക്യാംപുകള്‍ സജ്ജമാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി, നിലവില്‍ കന്യാകുമാരിക്ക് 860 കിലോമീറ്റര്‍ ദൂരെയാണു സ്ഥാനം. ചുഴലിക്കാറ്റായി ഇന്ന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. തുടര്‍ന്നു തമിഴ്നാട് തീരത്തേയ്ക്കുനീങ്ങി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുമെന്നാണു പ്രവചനം. ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്രമായും സംസ്ഥാനത്തു പരക്കെയും മഴയ്ക്കു സാധ്യത. പരമാവധി 95 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ളയിടങ്ങളിലും ക്യാംപുകള്‍ സജ്ജമാക്കാനും നിർദേശം നൽകി. മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി.

ബുറെവിയുടെ പശ്ചാത്തലത്തിൽ കേരളത്തിന് പുറമേ തെക്കൻ തമിഴ്‌നാട്ടിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബുറെവിയുടെ പ്രഭാവത്തെ തുടർന്ന് ഇന്ന് ആരംഭിക്കുന്ന മഴ വെള്ളിയാഴ്ചവരെ തുടർന്നേക്കാം.