സിഡ്നി: സിഡ്നി ഹാര്‍ബറില്‍ വെച്ച് സ്രാവിന്റെ ആക്രമണത്തിന് ഇരയായ 12 വയസ്സുകാരന്‍ നിക്കോ ആന്റിക് അന്തരിച്ചു. കഴിഞ്ഞയാഴ്ച സിഡ്നിയിലെ വോക്ലൂസിലുള്ള ‘ജമ്പ് റോക്ക്’ എന്ന സ്ഥലത്ത് വെച്ചാണ് കുട്ടിക്ക് സ്രാവിന്റെ ആക്രമണമേറ്റത്.സിഡ്നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയി ലായിരുന്ന നിക്കോ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ രണ്ട് കാലുകള്‍ക്കും സാരമായ പരുക്കേറ്റു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ജനുവരി 18-ന് സുഹൃത്തുക്കള്‍ക്കൊപ്പം ഹാര്‍ബറിലെ പാറക്കെട്ടില്‍ നിന്ന് വെള്ളത്തിലേക്ക് ചാടുന്നതിനിട യിലാണ് ബുള്‍ ഷാര്‍ക്ക് എന്ന് കരുതപ്പെടുന്ന സ്രാവ് കുട്ടിയെ ആക്രമിച്ചത്.48 മണിക്കൂറിനുള്ളില്‍ ന്യൂ സൗത്ത് വെയില്‍സ് തീരത്ത് നടന്ന നാല് സ്രാവ് ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്.ഇതിനെത്തുടര്‍ന്ന് മാന്‍ലി ഡീ വൈ തുടങ്ങിയ പ്രമുഖ ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു.നിക്കോയുടെ മരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുന്ന ചില വ്യാജ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ പോലീസ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഹാര്‍ബറിലെ വെള്ളം കലങ്ങിയതും കായലിലെയും കടലിലെയും വെള്ളം കലരുന്ന സാഹചര്യം ഉണ്ടായതുമാണ് സ്രാവുകള്‍ തീരത്തോടടുക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. അന്തരീക്ഷ താപനില ഉയരുന്നതും സ്രാവുകളുടെ സഞ്ചാരപഥത്തെ ബാധിക്കുന്നുണ്ട്.
നിക്കോയുടെ വിയോഗത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിക്കുന്നു. സമാധാനപരമായി കടല്‍ ആസ്വദിക്കാന്‍ എത്തിയ ഒരു കുട്ടിക്കുണ്ടായ ഈ അനുഭവം ഹൃദയഭേദകമാണ്, എന്ന് പ്രധാനമന്ത്രി അനുശോചിച്ചു.

