സിഡ്നി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചേക്കുമെന്ന ശക്തമായ സൂചനകൾക്കിടെ, ബ്രിട്ടനിലെ രാഷ്ട്രീയ അസ്ഥിരതയെ വിമർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടനിലെ തുടർച്ചയായ നേതൃമാറ്റങ്ങളെക്കുറിച്ചുള്ള തന്റെ അതൃപ്തി അദ്ദേഹം തുറന്നുപറഞ്ഞത്.
തുടർച്ചയായി നേതാക്കളെ മാറ്റിക്കൊണ്ടിരിക്കുന്ന ചരിത്രം ഒരിക്കലും നല്ലൊരു സന്ദേശമല്ല നൽകുന്നതെന്ന് അൽബാനീസ് ചൂണ്ടിക്കാട്ടി. താൻ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാത്രം ഇതിനകം നാല് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുമായി തനിക്ക് ഇടപഴകേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുകെയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ നിന്ന് കനത്ത സമ്മർദ്ദം നേരിടുന്ന കെയർ സ്റ്റാർമർ ഉടൻ തന്നെ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളുമാണ് സ്റ്റാർമറുടെ പദവിക്ക് ഭീഷണിയായിരിക്കുന്നത്. ബ്രിട്ടനിൽ രാഷ്ട്രീയ സ്ഥിരതയാണ് ആവശ്യമെന്നും അനാവശ്യ നേതൃമാറ്റങ്ങൾ ഭരണത്തെ ബാധിക്കുമെന്നും അൽബാനീസ് കൂട്ടിച്ചേർത്തു.

