സിഡ്നി: തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളിൽ മാപ്പ് പറയാൻ വിസമ്മതിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്. വോട്ടർമാരോട് കാര്യങ്ങൾ തുറന്നുപറയുന്നതിൽ താൻ പരാജയപ്പെട്ടു എന്ന തരത്തിൽ ഉയർന്ന വിമർശനങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു.
സ്കൈ ന്യൂസ് ഓസ്ട്രേലിയയുടെ ‘സൺഡേ അജണ്ട’ എന്ന പരിപാടിയിൽ ഉയർന്ന ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇത്തരം ആരോപണങ്ങൾ വെറും ‘അസംബന്ധം’ ആണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. തന്റെ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളെ ശക്തമായി ന്യായീകരിച്ച അദ്ദേഹം, രാജ്യത്തിന് വേണ്ടി ശരിയായ കാര്യങ്ങൾ ചെയ്യാനാണ് ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതെന്നും ആ ദൗത്യമാണ് താൻ ഇപ്പോൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.

