ഇടുക്കി ജില്ലയിൽ 30 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

ഇടുക്കി: ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിലാണ് പദ്ധതി ഭേദഗതികൾക്ക് അംഗീകാരം ലഭ്യമാക്കിയത്. യോഗത്തിൽ മെംബർ സെക്രട്ടറിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ എന്നിവരും സംബന്ധിച്ചു.

അടിമാലി, അറക്കുളം, മരിയാപുരം, മാങ്കുളം, കുടയത്തൂർ, കാഞ്ചിയാർ, കൊക്കയാർ, വണ്ടൻമേട്, കൊന്നത്തടി, ഇരട്ടയാർ, കുമളി, ഉടുമ്പൻചോല, ഇടവെട്ടി, അയ്യപ്പൻകോവിൽ, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, കുമാരമംഗലം, ബൈസൺവാലി, ഉടുമ്പന്നൂർ, സേനാപതി, നെടുങ്കണ്ടം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും അടിമാലി, ഇടുക്കി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, കട്ടപ്പന എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും കട്ടപ്പന നഗരസഭയുടെയും പദ്ധതി ഭേദഗതികൾക്കാണ് അനുമതി ലഭിച്ചത്.

മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ പ്രതിരോധിക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ്ണസജ്ജമായിരിക്കണമെന്ന് യോഗത്തിൽ സംസാരിച്ച ജില്ലാ കളക്ടർ നിർദേശിച്ചു. നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ ദീർഘകാലം നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ല. അതിനാൽ ക്യാമ്പുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്തവർക്കായി വാടക വീടുകൾ ക്രമീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവരണം.

ഇതോടൊപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളും തനത് വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിനും ജൈവ വൈവിധ്യ സമിതി യോഗം ചേരുന്നതിനും നടപടിയുണ്ടാകണം. ഇതുമായി ബന്ധപ്പെട്ട് വരുമാനം വർധിപ്പിക്കാൻ ഉതകുന്ന നിരവധി പദ്ധതികൾ തയാറാക്കാൻ കഴിയും. ഇക്കാര്യത്തിൽ ഇടുക്കി ജില്ലയ്ക്ക് വലിയ സാധ്യതകളാണുള്ളതെന്നും കളക്ടർ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും സംയോജിപ്പിച്ച് കൂടുതൽ മികച്ച പ്രവർത്തനം ജില്ലയിൽ കാഴ്ചവെക്കാനാകും. ഇതിനായി കേന്ദ്ര പദ്ധതികളുടെ പട്ടിക തയാറാക്കിവരികയാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ പരിശോധന കർശനമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. തൊഴിലാളികളെ ഇവിടെയെത്തിക്കുന്ന ഏജന്റുമാരുടെ പട്ടിക തയാറാക്കിവരികയാണ്. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനും ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് കളക്ടർ നിർദേശിച്ചു.

യോഗത്തിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്-പഞ്ചായത്ത്-നഗരസഭ സെക്രട്ടറിമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *