വാഷിങ്ടൺ: ഇന്ത്യൻ വംശജനും നാസ ബഹിരാകാശയാത്രികനുമായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് തന്റെ ആദ്യ സ്പേസ്വോക്ക് ഓഗസ്റ്റ് 6-ന് നടത്തും. നാസയുടെ ബഹിരാകാശയാത്രിക ജെസിക്ക മെയറിനൊപ്പമാണ് ദൗത്യം. ഏകദേശം ആറര മണിക്കൂർ നീളുന്ന സ്പേസ്വോക്കിൽ ഐഎസ്എസിന്റെ വൈദ്യുത സംവിധാനവും സൗരോർജ പാനലുകളും നവീകരിക്കുന്ന ജോലികളാണ് പ്രധാനമായും നിർവഹിക്കുക.
ഐഎസ്എസിന്റെ 3ബി പവർ ചാനൽ ഭാവിയിൽ സ്ഥാപിക്കുന്ന പുതിയ റോളൗട്ട് സോളാർ അറേയ്ക്ക് (IROSA) അനുയോജ്യമാക്കുന്നതിനുള്ള ഹാർഡ്വെയർ സ്ഥാപിക്കുന്നതും ദൗത്യത്തിന്റെ ഭാഗമാണ്. പുതിയ സോളാർ അറേ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾക്കും ഭാവിയിൽ സുരക്ഷിതമായി ഡീഓർബിറ്റ് ചെയ്യുന്നതിനുമുള്ള അധിക വൈദ്യുതി ലഭ്യമാക്കുമെന്ന് നാസ അറിയിച്ചു.
ഓഗസ്റ്റിൽ നാസ ആസൂത്രണം ചെയ്ത മൂന്ന് യുഎസ് സ്പേസ്വോക്കുകളിൽ ആദ്യത്തേതാണിത്. അനിൽ മേനോന് ഇത് ആദ്യ സ്പേസ്വോക്കായിരിക്കുമ്പോൾ ജെസിക്ക മെയറിന്റെ ആറാമത്തേതായിരിക്കും. തുടർന്നുള്ള സ്പേസ്വോക്കുകളിൽ ആശയവിനിമയ ആന്റിന മാറ്റിസ്ഥാപിക്കൽ, പവർ-ഡാറ്റ കേബിളുകൾ ബന്ധിപ്പിക്കൽ തുടങ്ങിയ ജോലികളും നടക്കും.
കേരളത്തിലെ പാലക്കാട് വേരുകളുള്ള അനിൽ മേനോൻ ജൂലൈ 14-ന് സോയൂസ് എംഎസ്-29 പേടകത്തിൽ ഐഎസ്എസിലെത്തി. എട്ടുമാസത്തെ ദൗത്യത്തിന്റെ ഭാഗമായി ശാസ്ത്രീയ പരീക്ഷണങ്ങളിലും സാങ്കേതിക ഗവേഷണങ്ങളിലും അദ്ദേഹം പങ്കാളിയാകുന്നുണ്ട്.

