മെൽബൺ: ഓസ്ട്രേലിയൻ ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടസ് തങ്ങളുടെ ഹെഡ് ഓഫീസിലെ 850 ഓളം തസ്തികകൾ വെട്ടിച്ചുരുക്കി ആ തസ്തികകളിലെ പ്രവർത്തനങ്ങൾ പുറംകരാർ നൽകാനൊരുങ്ങുന്നു. പ്രമുഖ ആഗോള സാങ്കേതികവിദ്യാ കമ്പനിയായ ആക്സഞ്ചറുമായി വർഷങ്ങൾ നീളുന്ന കരാറിൽ ഒപ്പുവെച്ചതോടെയാണ് ക്വാണ്ടസിന്റെ ഈ നിർണ്ണായക നടപടി.
വിമാനക്കമ്പനിയുടെ കാലഹരണപ്പെട്ട ഐടി സംവിധാനങ്ങൾ പൂർണ്ണമായും പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് ചീഫ് എക്സിക്യൂട്ടീവ് വനേസ ഹഡ്സൺ ജീവനക്കാരെ അറിയിച്ചു. പുതിയ മാറ്റങ്ങൾ 2027 പകുതിയോടെ നടപ്പിലാക്കിത്തുടങ്ങും. യാത്രാരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കമ്പനിയെ അതിനനുസരിച്ച് സജ്ജമാക്കാൻ ഈ മാറ്റങ്ങൾ ഉപകരിക്കുമെന്നും വനേസ ഹഡ്സൺ ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.
“പലർക്കും ഇതൊരു കടുത്ത വാർത്തയാണെന്ന് എനിക്കറിയാം, ഈ മാറ്റം വരുത്തുന്ന അനിശ്ചിതാവസ്ഥയിൽ ഞാൻ ഖേദിക്കുന്നു. എന്നാൽ നമ്മുടെ ഭാവിക്ക് വേണ്ടിയാണ് ഇത്തരം കടുത്ത തീരുമാനങ്ങളെടുക്കുന്നത്. സാങ്കേതികവിദ്യയിലും എഐയിലുമുള്ള ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് ബിസിനസ് കൂടുതൽ കാര്യക്ഷമമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്,” ഹഡ്സൺ കത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഫിനാൻസ്, പ്രൊക്യുർമെന്റ്, ഹ്യൂമൻ റിസോഴ്സ് (People), മാർക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലാണ് മാറ്റങ്ങൾ വരിക. ഇതിൽ ചില സേവനങ്ങൾ ആക്സഞ്ചർ ഏറ്റെടുക്കും. ഇവരിൽ ഭൂരിഭാഗം പ്രവർത്തനങ്ങളും ഇന്ത്യയിലും ചിലത് ഓസ്ട്രേലിയയിലുമുള്ള ആക്സഞ്ചർ ടീമുകളിലൂടെയാകും നിർവഹിക്കുക.
ഈ പരിഷ്കാരങ്ങൾ ജീവനക്കാരുടെ കഴിവിനെയോ അർപ്പണബോധത്തെയോ ചോദ്യം ചെയ്യുന്നതല്ലെന്നും ജീവനക്കാരെ പുനർവിന്യസിക്കാനും അവർക്ക് പുതിയ പരിശീലനങ്ങൾ നൽകാനുമുള്ള എല്ലാവിധ സഹായങ്ങളും ക്വാണ്ടസ് ഉറപ്പുനൽകുമെന്നും ഹഡ്സൺ കൂട്ടിച്ചേർത്തു. കമ്പനിയിലെ ആയിരത്തിലധികം വരുന്ന പഴയ സോഫ്റ്റ്വെയറുകളും ആപ്ലിക്കേഷനുകളും മാറ്റിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു. വൂൾവർത്ത്സ്, കോൾസ്, നാഷണൽ ഓസ്ട്രേലിയ ബാങ്ക് തുടങ്ങിയ മുൻനിര ഓസ്ട്രേലിയൻ കമ്പനികൾ നേരത്തെ തന്നെ അവരുടെ ഐടി പ്രവർത്തനങ്ങൾ ഇന്ത്യയും വിയറ്റ്നാമും അടക്കമുള്ള രാജ്യങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ക്വാണ്ടസും ഈ വഴി തിരഞ്ഞെടുക്കുന്നത്.
അതേസമയം, കമ്പനിയുടെ തീരുമാനത്തിൽ യൂണിയനുകൾ വലിയ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്. സിഡ്നിയിലുള്ള മസ്കറ്റ് ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് ഓസ്ട്രേലിയൻ സർവീസസ് യൂണിയൻ (ASU) എൻഎസ്ഡബ്ല്യു സെക്രട്ടറി ആൻഗസ് മക്ഫാർലാൻഡ് പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങൾക്ക് തൊട്ടുമുമ്പ് ലഭിച്ച ഈ വാർത്ത ജീവനക്കാരെ കടുത്ത ദുഃഖത്തിലാഴ്ത്തിയെന്നും നമ്മുടെ ദേശീയ വിമാനക്കമ്പനിയിൽ നിന്നും തൊഴിലവസരങ്ങളും വൈദഗ്ധ്യവും വിദേശത്തേക്ക് കടത്തുന്നത് ഓസ്ട്രേലിയക്കാർക്കാകെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ജീവനക്കാരുടെ ജോലി സുരക്ഷിതമാക്കാൻ സാധ്യമായതെല്ലാം യൂണിയന്റെ ഭാഗത്ത് നിന്നും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

