തിരുവനന്തപുരം: ആധാർ ആപ്പ് വഴി സൗജന്യമായി ഇ-മെയിൽ ഐഡി ചേർക്കാനും നിലവിലുള്ളത് അപ്‌ഡേറ്റ് ചെയ്യാനും ഡിസംബർ 31 വരെ അവസരമൊരുങ്ങിയതായി അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസർ അറിയിച്ചു. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടുള്ള വ്യക്തികൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാകുക.
ആധാറുമായി ഇ-മെയിൽ ഐഡി ബന്ധിപ്പിക്കുന്നതോടെ ആധാർ ഓതന്റിക്കേഷൻ നടക്കുമ്പോഴെല്ലാം ഉപഭോക്താവിന് ഇ-മെയിൽ വഴി തത്സമയ അറിയിപ്പുകൾ ലഭിക്കും. ഇത് വിവരങ്ങൾ എവിടെ, എപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്ന് വ്യക്തമായി മനസിലാക്കാൻ സഹായിക്കും. കൂടാതെ, ആധാറിൽ നിലവിൽ മൊബൈൽ നമ്പർ ചേർത്തവർക്ക് ആധാർ ആപ്പ് വഴി പുതിയ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനും അനുബന്ധ രേഖകൾ സമർപ്പിച്ച് മേൽവിലാസം തിരുത്താനും 75 രൂപ നിരക്കിൽ സാധിക്കും.
അതേസമയം, യുഐഡിഎഐ (UIDAI) പോർട്ടൽ വഴി ആധാർ അനുബന്ധ രേഖകൾ സൗജന്യമായി പുതുക്കുന്നതിനുള്ള കാലാവധി 2027 ജൂൺ 14 വരെയാണ്. https://myaadhaar.uidaigov.in/ എന്ന വെബ്‌സൈറ്റിലെ ‘Document Update’ എന്ന ഓപ്ഷൻ വഴിയാണ് ഇത് ചെയ്യേണ്ടത്. എന്നാൽ ആധാർ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ഡോക്യുമെന്റുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് 75 രൂപ ഫീസ് ഈടാക്കും.
0 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളുടെ പുതിയ ആധാർ എൻറോൾമെന്റും 5, 15 വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലുകളും (5 മുതൽ 17 വയസ്സ് വരെ ചെയ്യാം) പൂർണ്ണമായും സൗജന്യമായിരിക്കും. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ വിവരങ്ങൾ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.
ആധാറുമായി ബന്ധപ്പെട്ട പരാതികൾക്കും വിവരങ്ങൾക്കുമായി ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
- സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471 2335523
- കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442
- ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in

