അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി മൈഗ്രന്റ് ലിങ്ക് വർക്കർമാർ; ആരോഗ്യ രംഗത്ത് മാതൃകാപരമായ ഇടപെടലുകൾ

കൊച്ചി: അതിഥി തൊഴിലാളികൾക്കിടയിൽ ആരോഗ്യ അനുബന്ധ കാര്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി ശ്രദ്ധേയരാവുകയാണ് എറണാകുളം ജില്ലയിലെ മൈഗ്രന്റ് ലിങ്ക് വർക്കർമാർ. ദേശീയ ആരോഗ്യദൗത്യം നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കീഴിൽ നിലവിൽ എട്ട് ലിങ്ക് വർക്കർമാരാണ് ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്നത്.

കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ എറണാകുളത്ത് തൊഴിൽ തേടി പശ്ചിമബംഗാൾ, അസം, തമിഴ്നാട്, ഒഡിഷ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അതിഥി തൊഴിലാളികൾ നേരിടുന്ന പ്രധാന വെല്ലുവിളി ഭാഷയും ആശയവിനിമയവുമാണ്. ചികിത്സാ ആവശ്യങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും അവർ അനുഭവിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് ദേശീയ ആരോഗ്യദൗത്യവും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മൈഗ്രന്റ് ലിങ്ക് വർക്കർ പദ്ധതി ആരംഭിച്ചത്.

അതിഥി തൊഴിലാളി സമൂഹത്തിൽ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ട, മലയാളം സംസാരിക്കാൻ അറിയുന്ന പ്രവിണരായ വ്യക്തികളെയാണ് മൈഗ്രന്റ് ലിങ്ക് വർക്കർമാരായി നിയോഗിച്ചിരിക്കുന്നത്. ഭാഷാപ്രശ്നങ്ങളാൽ ഡോക്ടർമാരോട് രോഗവിവരങ്ങൾ വിശദീകരിക്കാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഇവർ വലിയൊരളവിൽ ആശ്വാസമാകുന്നു. കൂടാതെ, ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും തിരിച്ച് രോഗികളോട് നിർദേശങ്ങൾ നൽകാനും ഇവർ വഴിയൊരുക്കുന്നു.

അതിഥി തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യ പരിശോധനകളും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിൽ ഇവരുടെ സേവനം ആരോഗ്യവകുപ്പ് കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ക്ഷയരോഗം, എച്ച്.ഐ.വി, മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയവ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക സ്ക്രീനിംഗ് ക്യാമ്പുകളിലേക്ക് ആളുകളെ പങ്കാളികളാക്കുന്നതിലും ഇവരുടെ ഇടപെടൽ നിർണായകമാണ്.

ആരോഗ്യ സംരക്ഷണത്തിന് പുറമെ, അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പദ്ധതികൾ, സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ, അതിഥി തൊഴിലാളി രജിസ്ട്രേഷൻ പോർട്ടൽ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. അടിയന്തര സാഹചര്യങ്ങളിലോ അപകടങ്ങൾ സംഭവിക്കുമ്പോഴോ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും ആവശ്യമായ ഭാഷാ സഹായം ലഭ്യമാക്കുന്നതിനും ഇവർ മുൻപന്തിയിലുണ്ട്. ഇതോടെ ജില്ലയിലെ സാമൂഹിക സുരക്ഷാ ശൃംഖലയിലെ ഒഴിവാക്കാനാവാത്ത കണ്ണികളായി മാറിയിരിക്കുകയാണ് ഈ മൈഗ്രന്റ് ലിങ്ക് വർക്കർമാർ.

Leave a Reply

Your email address will not be published. Required fields are marked *