എല്ലാവർക്കും ഇടം; ആരോഗ്യരംഗത്ത് മാതൃകയായി ട്രാൻസ്ജെൻഡർ ലിങ്ക് വർക്കർമാർ

കൊച്ചി: ട്രാൻസ്ജെൻഡർ സമൂഹത്തിന് വിവേചനരഹിതമായ രീതിയിൽ കൃത്യവും സമഗ്രവുമായ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തി എറണാകുളം ജില്ലയിലെ ട്രാൻസ്ജെൻഡർ ലിങ്ക് വർക്കർമാർ. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും പൊതു ആരോഗ്യ സംവിധാനങ്ങൾക്കുമിടയിൽ ശക്തമായ ഒരു പാലമായി ഇവർ മാറിക്കഴിഞ്ഞു. നിലവിൽ ആറ് ലിങ്ക് വർക്കർമാരാണ് ജില്ലയിൽ സേവനമനുഷ്ഠിക്കുന്നത്.

കളമശ്ശേരി മെഡിക്കൽ കോളേജ്, എറണാകുളം, മൂവാറ്റുപുഴ ജനറൽ ആശുപത്രികൾ, ആലുവ ജില്ലാ ആശുപത്രി, നോർത്ത് പറവൂർ, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇതിൽ എറണാകുളം ജനറൽ ആശുപത്രി തികച്ചും ‘ക്വീർ ഫ്രണ്ട്‌ലി’ (Queer Friendly) അന്തരീക്ഷത്തിലാണ് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ എല്ലാ ചൊവ്വാഴ്ചകളിലും തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിൽ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്കായി പ്രത്യേക ക്ലിനിക്കും പ്രവർത്തിച്ചു വരുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആവശ്യമായ മാനസികാരോഗ്യ പിന്തുണയും കൃത്യമായ കൗൺസിലിംഗും ലഭ്യമാക്കുന്നതിലും ഈ ലിങ്ക് വർക്കർമാർ നിർണായക പങ്കാണ് വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *