കാൻബറ: കുടിയേറ്റം വെട്ടിച്ചുരുക്കുകയും ഓസ്ട്രേലിയൻ ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുന്ന കുടിയേറ്റക്കാർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തില്ലെങ്കിൽ യൂറോപ്പിൽ നടക്കുന്നതിന് സമാനമായ കലാപങ്ങൾക്ക് ഓസ്ട്രേലിയയും സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വൺ നേഷൻ നേതാവ് സെനറ്റർ പൗളിൻ ഹാൻസൻ. ജീവിതച്ചെലവ്, പൊതുസേവനങ്ങൾ, വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ എന്നിവ മുൻനിർത്തി ഫ്രാൻസിൽ വൻ ജനകീയ പ്രതിഷേധങ്ങളും വ്യാപക അക്രമങ്ങളും അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് ഹാൻസന്റെ ഈ പ്രസ്താവന. യൂറോപ്പിനെ തകർക്കുന്ന വൻതോതിലുള്ള കുടിയേറ്റമെന്ന അബദ്ധം ആവർത്തിക്കാൻ ഓസ്ട്രേലിയക്ക് കഴിയില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
ഫ്രാൻസിൽ ശനിയാഴ്ച നടന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസിന്റെ കണക്കനുസരിച്ച് ഏകദേശം 5.5 ലക്ഷം ആളുകളും, സിജിടി യൂണിയന്റെ കണക്കനുസരിച്ച് എട്ട് ലക്ഷത്തോളം പേരും പങ്കെടുത്തു. പലയിടങ്ങളിലും സമാധാനപരമായിരുന്നെങ്കിലും ചില സംഘങ്ങൾ പോലീസുമായി ഏറ്റുമുട്ടുകയും കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീവെക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 1,200-ലധികം പേർ അറസ്റ്റിലായിട്ടുണ്ട്.
പാരീസിൽ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലേറ് നടത്തിയതിനെ തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അക്രമങ്ങളിൽ 150-ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കി. തീപിടുത്തങ്ങളിൽ ചരിത്രപരമായ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ലിമോജസിൽ 143 വർഷം പഴക്കമുള്ള ടൗൺ ഹാളിന്റെ ഭൂരിഭാഗവും ലിയോണിലെ 174 വർഷം പഴക്കമുള്ള ടൂറിസം ഓഫീസും തീവെപ്പിൽ നശിച്ചു.
വടക്കൻ പാരീസിലെ തൊഴിലാളി മേഖലകളിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് ഉയർന്ന അധ്യാപക ക്ഷാമം, മോശം സൗകര്യങ്ങൾ എന്നിവയിൽ തുടങ്ങിയ സമരം പിന്നീട് ജീവിതച്ചെലവ്, ഇന്ധനവില വർദ്ധനവ്, അസമത്വം, പൊതുചെലവുകൾ എന്നിവയ്ക്കെതിരെയുള്ള വൻ ജനകീയ പ്രക്ഷോഭമായി മാറുകയായിരുന്നു. അക്രമസംഭവങ്ങളെ ശക്തമായി അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, റിപ്പബ്ലിക്കിൽ അക്രമത്തിന് സ്ഥാനമില്ലെന്നും പൊതുമുതലും സ്ഥാപനങ്ങളും തകർത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

