കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ നാടകീയ രംഗങ്ങളും വൻ സംഘർഷവും. സ്വർണ്ണക്കൊള്ളയടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധം പോലീസും പ്രവർത്തകരും തമ്മിലുള്ള തെരുവുയുദ്ധത്തിലാണ് അവസാനിച്ചത്. സംഘർഷത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് ഉൾപ്പെടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
നഗരത്തിൽ പ്രതിഷേധവുമായെത്തിയ അൻപതോളം വരുന്ന പ്രവർത്തകർ പോലീസ് തീർത്ത ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പ്രവർത്തകരെ തടയാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ തെരുവ് യുദ്ധക്കളമായി മാറി. പോലീസും സമരക്കാരും തമ്മിൽ രൂക്ഷമായ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനിലെത്തിച്ച ശേഷവും ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. വരും ദിവസങ്ങളിൽ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ നീക്കം.

