കൊച്ചി: പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം തേടി വി. കുഞ്ഞികൃഷ്ണന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഹർജിയിൽ എതിർ കക്ഷികളായ സിപിഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എംഎൽഎ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു സംരക്ഷണം ആവശ്യപ്പെട്ടാണ് കുഞ്ഞികൃഷ്ണൻ ഹർജി സമർപ്പിച്ചത്. ചടങ്ങ് തടസപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു ഹർജിയിൽ പറയുന്നു.
ജനുവരി 26ന് സിപിഎമ്മിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും പടക്കം എറിയുകയും ചെയ്തു. തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുഹൃത്ത് പ്രസന്നന്റെ ബൈക്ക് വീടിനു മുന്നിൽ വച്ച് കത്തിച്ചതായും ഹർജിയിൽ കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.

