ആശുപത്രികള്‍ക്കായി 25 ബില്യണ്‍ ഡോളറിന്റെ ചരിത്ര കരാര്‍; ഒപ്പുവെച്ച് പ്രധാനമന്ത്രിയും പ്രീമിയര്‍മാരും

സിഡ്നി: ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഓസ്ട്രേലിയയിലെ പൊതു ആശുപത്രികളുടെ വികസനത്തിനായി 25 ബില്യണ്‍ ഡോളറിന്റെ (അധിക ഫണ്ട്) പുതിയ അഞ്ചു വര്‍ഷ കരാറില്‍ ഫെഡറല്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒപ്പുവെച്ചു.പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി വെള്ളിയാഴ്ച സിഡ്നിയില്‍ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.

2026-27 മുതല്‍ 2030-31 വരെയുള്ള അഞ്ചു വര്‍ഷത്തേക്ക് ആകെ 219.6 ബില്യണ്‍ ഡോളറാണ് ഫെഡറല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി ചിലവാക്കുക. ഇത് കഴിഞ്ഞ കരാറിനേക്കാള്‍ മൂന്നിരട്ടി അധികമാണ്.ആശുപത്രികളില്‍ ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ആയിട്ടും aged care ബെഡുകള്‍ ലഭിക്കാത്തതുമൂലം അവിടെത്തന്നെ തുടരേണ്ടി വരുന്ന വയോജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ 2 ബില്യണ്‍ ഡോളര്‍ പ്രത്യേകം അനുവദിച്ചു.

ആശുപത്രി ഫണ്ടിംഗിനൊപ്പം തന്നെ നാഷണല്‍ ഡിസബിലിറ്റി ഇന്‍ഷുറന്‍സ് സ്‌കീമിന്റെ (NDIS) ചിലവ് കുറയ്ക്കാനും സംസ്ഥാനങ്ങള്‍ സമ്മതിച്ചു. NDIS വളര്‍ച്ചാ നിരക്ക് 6 ശതമാനത്തില്‍ താഴെയായി നിര്‍ത്താനാണ് ലക്ഷ്യമിടുന്നത്.കുട്ടികള്‍ക്കായുള്ള പുതിയ ഓട്ടിസം/ഡിസബിലിറ്റി സപ്പോര്‍ട്ട് പ്രോഗ്രാം നടപ്പിലാക്കുന്നത് ഒക്ടോബര്‍ 1-ലേക്ക് നീട്ടിവെച്ചു. 2028 ജനുവരിയോടെ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും.

ഈ കരാര്‍ ഓസ്ട്രേലിയയുടെ ആരോഗ്യമേഖലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ പരിഷ്‌കരണമാണ്.രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ആരോഗ്യസംവിധാനത്തിന്റെ സുസ്ഥിരത നിലനിര്‍ത്താനും ഇത് സഹായിക്കും.’ ആന്തണി ആല്‍ബനീസി പറഞ്ഞു.

ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ (AMA) ഈ കരാറിനെ സ്വാഗതം ചെയ്തുവെങ്കിലും,വെറും പണം കൊണ്ട് മാത്രം ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനാവില്ലെന്നും കൂടുതല്‍ ഭരണപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *