ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അഞ്ചാമത്തെ കടല്‍ പാലമാണ് ബാന്ദ്ര – വര്‍ളി സീ ഫേസ് അഥവാ രാജീവ് ഗാന്ധി സീ ലിങ്ക് റോഡ്. മുംബൈ ഇടഠ യില് നിന്നും ബസ്സില്‍ വര്‍ളിയിലേക്ക് ഞാന്‍ യാത്ര തുടര്‍ന്നു. പാലത്തിന്റെ ഏറ്റവും നല്ല വീഡിയോ പകര്‍ത്താന്‍ മുന്‍പിലെ സീറ്റ് കിട്ടിയില്ല. അങ്ങനെ സൈഡിലെ സീറ്റില്‍ പാലം വരുന്നതും കാത്ത് ഞാന്‍ ഫോണും പിടിച്ച് ഇരിപ്പായി. ബസ്സ് ലാസ്റ്റ് സ്റ്റോപ്പില്‍ എത്തിയിട്ടും പാലം കണ്ടില്ല. പിന്നെയാണ് മനസ്സിലായത് അങ്ങോട്ട് ബൈക്കും , ട്രാന്‍സ്‌പോര്‍ട്ട് ബസ്സും, ഓട്ടോയുമൊന്നും ഇങ്ങോട്ട് കടത്തി വിടാത്തതിനാല്‍ ടാക്‌സി വിളിച്ചുവേണം പാലത്തിലൂടെ യാത്രചെയ്യാന്‍. പലരും അഞ്ഞൂറും ആയിരം രൂപയൊക്കെയാണ് എന്നോട് ചോദിക്കുന്നത് , അവസാനം റോഡരികില്‍ ഒറ്റക്ക് നിന്നിരുന്ന ടാക്‌സികാരന്‍ അബ്ദുല്‍ സലാമിനോട് ചോദിച്ചപ്പോള്‍ താങ്കള്‍ക്ക് എവിടെയാണ് പോകേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ മറുപടി ,
ഞാന്‍ പാലം കാണാന്‍ വന്നതാണ് , കുറച്ച് ഫോട്ടോയും വീഡിയോയും എടുക്കണം.
പാലം മുറിച്ചു കടന്ന് അപ്പുറത്തേക്ക് പോകണോ?
വേണ്ട ..
എങ്കില്‍ ടോള്‍ നല്‍കാതെ നമുക്ക് പോകാം. 400 രൂപ തന്നാല്‍ മതി. പാലം മുറിച്ച് കടന്നാല്‍ ടോള്‍ കൊടുക്കേണ്ട വരും 100 രൂപയാണ്, ഇനി തിരികെ വരുന്നില്ല എങ്കിലും തിരികെ പോകുമ്പോള്‍ ഉള്ള ടോളുകൂടെ കൂടുതല്‍ നല്‍കണം. താങ്കളെ ഞാന്‍ പാലത്തിന്റെ അങ്ങേ അറ്റം വരെ കൊണ്ട് പോകാം , അവിടെ ഒരു വിടവിലൂടെ റോഡ് തിരിഞ്ഞ് തിരിച്ചു വരാം.

അങ്ങനെ വര്‍ലിയില്‍ നിന്നും ഞാന്‍ യാത്ര തുടങ്ങി.ചുറ്റും ആഡംബര ഹോട്ടലുകളും ഗംഭീര ഫ്ളാറ്റുകളുമാണ്. ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളും പണക്കാരും താമസിക്കുന്നത്.അറബിക്കടലിന്റെ ഭാഗമായ മാഹിം ഉള്‍കടലിലേക്കാണ് ഞങള്‍ പോകുന്നത്.മാഹീം ഉള്‍കടലിന് മുകളിലാണ് ഈ കടല്‍ പാലം. ബാന്ദ്രയിലെ വിവേകാനന്ദ റോഡില്‍ നിന്ന് തുടങ്ങി വര്‍ലിയിലെ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ റോഡിലാണ് ഈ പാലം അവസാനിക്കുന്നത്.പണ്ട് പടിഞ്ഞാറ് നിന്നുള്ള മുംബൈയിലുള്ള യാത്രയില്‍ മാഹിം കോസ്വേ വഴിയുള്ള റോഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇവിടത്തെ വലിയ ട്രാഫിക് ബ്ലോക്കിന് പരിഹാരമായി മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് പാലം നിര്‍മിച്ചത്.

1999 ല് ശിവസേന നേതാവ് ബാല്‍ താക്കറെ നിര്‍മാണത്തിന് തറക്കല്ലിട്ടു.11 രാജ്യങ്ങളില്‍ നിന്നുള്ള ശില്പികള്‍ 10 വര്‍ഷക്കാലമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്.ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇതിന്റെ കരാറുകാര്‍. യുകെ ആസ്ഥാനമായുള്ള ദാര്‍ അല്‍ ഹന്ധസ കമ്പനിയിലെ വിദഗ്ദരും,ചൈനയില്ലേ ചൈന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കമ്പനിയുടെ സാങ്കേതിക വിദ്യയും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ പാലം നിര്‍മിച്ചത്.വളഞ്ഞു പുളഞ്ഞുളള റോഡുകള്‍ കയറി പാലത്തില്‍ വണ്ടിയെത്തി.വാഹങ്ങളെല്ലാം ചീറി പാഞ്ഞു പോകുന്നുണ്ട്.കടലിനു മുകളിലൂടെ തണുത്ത കാറ്റും കൊണ്ട് ഇതിലൂടെ പോകാന്‍ അതി മനോഹരമാണ്.35 നില കെട്ടിടത്തിന്റെ ഉയരമുള്ള തൂണുകളില്‍ നിന്നുള്ള ഉരുക്ക് വടങ്ങളില്‍ പാലം തൂങ്ങി നില്‍ക്കുന്നു.20 മീറ്റര്‍ വീതിയും 5 അര കിലോമീറ്റര്‍ നീളവുമുള്ള 8വരികളുള്ള രണ്ട് റോഡുകള്‍.
16 ബില്യണ്‍ രൂപയാണ് പാലത്തിന്റെ നിര്‍മ്മാണ ചിലവ്.2009 ജൂണ്‍ 30 ന് സോണിയ ഗാന്ധി പാലം ഉത്ഘാടനം ചെയ്തു.2010 മാര്‍ച്ച് 24 ന് 8 വരികളും തുറന്ന് നല്‍കിയതോടെ മുംബൈയിലെ മറ്റൊരു അല്‍ഭുതത്തിന് തുടക്കം കുറിച്ചു.42000 മുതല്‍ 46000 വരെ വാഹനങ്ങളാണ് ഒരു ദിവസം ഇതിലൂടെ കടന്നു പോകുന്നത്.ഭൂമികുലുക്കത്തെ വരെ പ്രതിരോധിക്കാന്‍ കഴിവുള്ള ഈ പാലം ഇന്ത്യയിലെ ആദ്യ കേബിള്‍ സ്റ്റെയിഡ് പാലമാണ്.
ഇന്ത്യയിലെ ആധുനിക കാലത്തെ ഏറ്റവും മികച്ച നിര്‍മിതികളില്‍ ഒന്നാണ് ഈ പാലം.ഡ്രൈവര്‍ പാലത്തെ പറ്റി എല്ലാം എനിക്ക് പറഞ്ഞു തരുന്നുണ്ട്. പണ്ടത്തെ ടാറ്റാ ഇന്‍ഡിക്ക കാറിലാണ് യാത്ര.ഏറ്റവും നല്ല രീതിയില്‍ പാലം കാണാന്‍ ഈ വണ്ടി തിരഞ്ഞെടുത്തത് നന്നായി എന്ന് എനിക്ക് തോന്നുന്നു.അങ്ങനെ പാലത്തെ ചുറ്റി തിരികെ ഖാന്‍ അബ്ദുല്‍ ഖാദര്‍ ഗാഫര്‍ ഗാന്‍ റോഡിലെത്തി.

Mountaineer Sahad Salih

