ജീവിതം ചിലപ്പോള്‍ പുസ്തകങ്ങളെക്കാള്‍ വിചിത്രമായ കഥകളാണ് എഴുതിവെക്കുന്നത്.ആ കഥകള്‍ വായിച്ചുതീര്‍ന്ന ശേഷമാണ്, അതിലെ കഥാപാത്രം നമ്മളായിരുന്നുവെന്ന് തിരിച്ചറിയുന്നത്.
പലപ്പോഴും ഞാന്‍ എന്നോടുതന്നെ ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട്.എങ്ങനെയാണ് എന്റെ പുസ്തകശേഖരം ജനിച്ചത്?ആ ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല. ചില യാത്രകള്‍ക്ക് കാരണങ്ങള്‍ പറയാനാകില്ല; അവ സംഭവിക്കുക മാത്രമാണ് ചെയ്യുന്നത്.
എഴുത്തും വായനയും എന്റെ ലോകത്തിന്റെ ഭാഗമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു.കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്‍ ഒരിക്കല്‍ ചോദിച്ചു:
‘വലുതായാല്‍ ആരാകാനാണ് നിനക്കിഷ്ടം?’
ഒരു മടിയുമില്ലാതെ ഞാന്‍ പറഞ്ഞു:
‘പാടത്ത് പൂട്ടുന്ന നല്ലൊരു കന്നുതെളിക്കാരന്‍.’
അന്ന് എന്റെ സ്വപ്‌നങ്ങള്‍ക്ക് മണ്ണിന്റെ മണമായിരുന്നു.കാലുകള്‍ ചെരുപ്പറിയാത്ത ബാല്യം.മഴവെള്ളത്തില്‍ സ്വന്തം മുഖം കണ്ട സന്തോഷം.കാറ്റിനോടും മരങ്ങളോടും വയലുകളോടും സംസാരിച്ചിരുന്ന നിഷ്‌കളങ്ക ദിനങ്ങള്‍.മനസ്സില്‍ തോന്നിയത് അതേപടി പറയാന്‍ മടിയില്ലാതിരുന്ന പ്രായം.പ്രകൃതിയില്‍ നിന്ന് ആവശ്യത്തിനുള്ളത് മാത്രം സ്വീകരിക്കുകയും,ബാക്കിയെല്ലാം അതിന്റെ സ്വന്തമായി വിടുകയും ചെയ്തിരുന്ന ജീവിതം.
പിന്നീട് കാലം എന്നെ കൈപിടിച്ച് മറ്റൊരു ഭൂമിയിലേക്ക് കൊണ്ടുപോയി.
മണ്ണിന്റെ മണത്തിനു പകരം കോണ്‍ക്രീറ്റിന്റെ ഗന്ധം നിറഞ്ഞ വഴികള്‍.പരിചിതമായ മുഖങ്ങള്‍ക്കു പകരം അപരിചിതമായ തിരക്കുകള്‍.എന്തിനാണ് ഞാന്‍ ആ നാടുവിട്ടത്?എന്തിനാണ് ഈ അന്യദേശജീവിതം?ഈ ചോദ്യങ്ങള്‍ക്ക് ഇന്നും എന്റെ മറുപടി മൗനമാണ്. കാരണം ചില വേദനകള്‍ക്ക് ഭാഷയില്ല.
കാലം കടന്നുപോയപ്പോള്‍, ഒരിക്കല്‍ എന്റെ ജീവിതത്തില്‍ ഇടമില്ലാതിരുന്ന പുസ്തകങ്ങള്‍ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരായി. എഴുത്തുകാരെ ഞാന്‍ കാണാതെ സ്‌നേഹിക്കാന്‍ പഠിച്ചു.വായനക്കാരെ കാണുമ്പോള്‍ ബന്ധുക്കളെ കണ്ട സന്തോഷം തോന്നി. യാത്രകള്‍ ദൂരങ്ങള്‍ അളക്കാനുള്ളതല്ല, മനുഷ്യരെ കണ്ടെത്താനുള്ള താണെന്ന് മനസ്സിലായി.സൗഹൃദങ്ങള്‍ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്നും തിരിച്ചറിഞ്ഞു. അങ്ങനെ, അറിയാതെ തന്നെ ‘വിപഞ്ചിക ഗ്രന്ഥശാല’ എന്റെ ഉള്ളില്‍ മുളച്ചു.അത് ഞാന്‍ സൃഷ്ടിച്ചതല്ല. ജീവിതം എന്നിലൂടെ എഴുതിയ ഒരു അധ്യായമായിരുന്നു അത്.
ഇന്ന് ഞാന്‍ വിശ്വസിക്കുന്നത് വളരെ ലളിതമായ ഒരു സത്യമാണ്.
ജീവിതത്തെ കഴിയുന്നത്ര ആസ്വദിച്ച് ജീവിക്കുക.പരാതികളേക്കാള്‍ നന്ദി കൂടുതലാകുമ്പോള്‍ മനസ്സ് ഭാരം കുറയും.പരിഭവങ്ങളേക്കാള്‍ സ്‌നേഹം കൂടുതലാകുമ്പോള്‍ യാത്ര മനോഹരമാകും.ഈ ഭൂമിയിലെ നമ്മുടെ സഞ്ചാരം ക്ഷണികമാണ്. അതുകൊണ്ട്, ഒപ്പം നടക്കുന്നവരുടെ ചിരി മങ്ങാന്‍ നമ്മള്‍ കാരണമാകാതിരിക്കട്ടെ.
അവസാനം മനുഷ്യന്‍ ഓര്‍മ്മിക്കപ്പെടുന്നത് അയാള്‍ ശേഖരിച്ച സമ്പത്തിന്റെ പേരിലല്ല; അയാള്‍ പങ്കുവെച്ച സ്‌നേഹത്തിന്റെ പേരിലാണ്.അതുകൊണ്ടാവാം ഇന്ന് പുസ്തകങ്ങളുടെ ഇടയില്‍ ഞാന്‍ എന്നെത്തന്നെ തിരയുന്നത്.
ഓരോ പുസ്തകവും ഒരു കണ്ണാടിപോലെ, ഓരോ യാത്രയും ഒരു തിരിച്ചുവരവുപോലെ, ഓരോ സൗഹൃദവും ജീവിതം വീണ്ടും തുടങ്ങാമെന്ന പ്രത്യാശപോലെ തോന്നുന്നു.ഒടുവില്‍, തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നത് ഒന്നു മാത്രം.നാം ജീവിതത്തെ തിരഞ്ഞില്ല; ജീവിതമാണ് നമ്മളെ തിരഞ്ഞെടുത്തത്.

