“നമസ്കാരം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ബസ് പാർക്ക് ചെയ്യുന്നിടത്തുനിന്ന് ദയവായി അകലം പാലിക്കുക…”
ദൂരദർശനിലെയും ആകാശവാണിയിലെയും പ്രൗഢഗംഭീരമായ വാർത്താ അവതരണങ്ങളിലൂടെ ഒരു ദശാബ്ദക്കാലം മലയാളികളുടെ കാതുകളിൽ തളംകെട്ടിനിന്ന ആ ശബ്ദസൗന്ദര്യം ഇന്നിതാ പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുനർജനിക്കുന്നു. കൊല്ലം കടയ്ക്കൽ മതിര സ്വദേശിയായ പി. വേണുകുമാർ (വേണു പരമേശ്വരൻ) എന്ന വാർത്താ അവതാരകനാണ് തനിക്ക് ലഭിച്ച ഉയർന്ന മറ്റ് ഉദ്യോഗങ്ങളെല്ലാം മാറ്റിവെച്ച്, കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ എന്ന പദവിയിലിരുന്ന് യാത്രക്കാർക്കായി അനൗൺസ്‌മെന്റുകളിലൂടെ ആ അക്ഷരശുദ്ധി വീണ്ടും സമ്മാനിക്കുന്നത്.
ചരിത്രത്തിന്റെ നാഴികക്കല്ലുകൾക്ക് ശബ്ദം നൽകിയ വേണുവിന്റെ ഓർമ്മകളിൽ ഇന്നും ജ്വലിച്ചുനിൽക്കുന്നത് രാജ്യം നടുങ്ങിയ ഒട്ടേറെ സംഭവങ്ങളാണ്. 2008-ലെ മുംബൈ ഭീകരാക്രമണ വാർത്ത ദൂരദർശനിലൂടെയും ആകാശവാണിയിലൂടെയും പ്രേക്ഷകരിലേക്ക് എത്തിച്ചവരിൽ പ്രധാനി ഇദ്ദേഹമായിരുന്നു. അത് മാത്രമല്ല, മലയാളികളുടെ പ്രിയ നേതാക്കളായ ഇ.കെ. നായനാരുടെയും പി.കെ.വി.യുടെയും ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള ചരിത്രപരമായ വിലാപയാത്രകളിൽ കെഎസ്ആർടിസി ബസിലെ കണ്ടക്ടറായി സേവനമനുഷ്ഠിക്കാനുള്ള അപൂർവ്വ ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി.
എക്സൈസ് പ്രിവന്റീവ് ഓഫീസർ, ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക് തുടങ്ങിയ ജോലി ഉത്തരവുകൾ വേണ്ടെന്നുവെച്ചാണ് വേണു കെഎസ്ആർടിസിയുടെ ഭാഗമായത്. 2001-ൽ ദൂരദർശനിലും 2004-ൽ ആകാശവാണിയിലും ന്യൂസ് റീഡറായി പ്രവർത്തിച്ച അദ്ദേഹം, സാഹിത്യരംഗത്തും സ്വന്തം മുദ്ര പതിപ്പിച്ച് ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സ്റ്റേഷൻ മാസ്റ്ററുടെ വലിയ ഉത്തരവാദിത്തങ്ങൾക്കിടയിലും, യാത്രക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങളുമായി തന്റെ ഗംഭീര ശബ്ദത്തിൽ മൈക്കിന് മുന്നിലെത്തുന്ന വേണു പരമേശ്വരൻ, ഔദ്യോഗിക സേവനത്തിന്റേതായ വേറിട്ടൊരു മാതൃകയാണ് കാട്ടിത്തരുന്നത്.

